സ്വന്തം ലേഖകന്‍: ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് കൂട്ടക്കൊല, 26 പേര്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. 2014 ല്‍ ഏഴു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേര്‍ക്കാണ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. നഗരസഭാ മുന്‍ കൗണ്‍സിലര്‍, സുരക്ഷാസേനയിലെ മൂന്നു മുതിര്‍ന്ന ഓഫിസര്‍മാര്‍ എന്നിവരെല്ലാം ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബംഗ്ലദേശിലെ നിയമം അനുസരിച്ച് ഹൈക്കോടതിയുടെകൂടി സമ്മതത്തോടെ മാത്രമേ ശിക്ഷ നടപ്പാക്കുകയുള്ളൂ.
നഗരത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി എതിര്‍വിഭാഗത്തില്‍പെട്ട നാരായണ്‍ഗഞ്ച് ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്തുനിന്ന് 2014 ല്‍ ഏഴുപേരെ തട്ടിക്കൊണ്ടുപോയി വിഷം കുത്തിവച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങള്‍ മൂന്നാംദിവസം നദിയില്‍ ഒഴുകി നടക്കുന്നതായി കാണപ്പെട്ടതിനെത്തുര്ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.
ഷേക്ക് ഹസീന സര്‍ക്കാരിലെ ഒരു മന്ത്രിയുടെ മരുമകനായ താരെക് സയിദ് ഉള്‍പ്പെടെ ബംഗ്ളാ ഭീകരവിരുദ്ധ സേനയിലെ 16 അംഗങ്ങള്‍ വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായാണ് ഉന്നത പോലീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.കേസില്‍ മൊത്തം 35 പ്രതികളാണുണ്ടായിരുന്നത്. ഒമ്പതു പ്രതികള്‍ക്ക് തടവുശിക്ഷ കിട്ടി.
പ്രതിയായ നാരായണ്‍ഗഞ്ച് മുന്‍ കൗണ്‍സിലര്‍ നൂര്‍ ഹൊസൈന്‍ കേസില്‍ പിടിക്കപ്പെടുമെന്നു വന്നതോടെ ഇന്ത്യയിലേക്ക് ഒളിച്ചോടിയിരുന്നു. ബംഗാളില്‍ പൊലീസിന്റെ പിടിയിലായ ഇയാളെ പിന്നീടു ബംഗ്ലദേശിനു കൈമാറുകയായിരുന്നു. കരസേനയിലെ ലഫ്. കേണല്‍ തരീക് സയീദ്, അരീഫ് ഹൊസൈന്‍, എം.എം.റാണ എന്നിവരാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സൈനിക ഓഫിസര്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല