സ്വന്തം ലേഖകന്‍: ജനസംഖ്യാ സന്തുലനവും എണ്ണ ഉത്പാദനവും പ്രതിസന്ധിയില്‍, പ്രവാസികള്‍ക്ക് എതിരെ കടുത്ത നടപടികളുമായി കുവൈറ്റ്. കുവൈറ്റില്‍ വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിദേശികളുടെ ആധിക്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന് ഡോ.അബ്ദുള്‍ കരീം അല്‍ കന്ദവി എം.പി ആവശ്യപ്പെട്ടു.
രാജ്യത്ത് കുവൈറ്റ് പൗരന്മാര് ന്യൂനപക്ഷമായി മാറുന്ന പ്രവണത അംഗീകരിക്കാനാകില്ല. വിദേശീകളുടെ ക്രമാധീതമായ വര്‍ധന കുടിയേറ്റം എന്നതില്‍ നിന്നും അധിനിവേശം എന്ന തലത്തിലേയ്ക്ക് മാറിയിരിക്കുന്നുവെന്നും പാര്‍ലമെന്റ് അംഗം ചൂണ്ടിക്കാട്ടി. വിദേശികളുടെ ഗണ്യമായ വര്‍ധന രാജ്യത്തെ രാജ്യത്തെ തൊഴില്‍, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളില്‍ സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും എം.പി വ്യക്തമാക്കിയിട്ടുണ്ട്. വിദേശികള്‍ക്കെതിരെ കടുത്ത നിലപാട് ആവശ്യപ്പെട്ട് രംഗത്തുവന്ന മൂന്നാമത്തെ എം.പിയാണ് അബ്ദുള്‍ കരീം അല്‍ കന്ദരി.
പുതിയ കണക്കുകള്‍ പ്രകാരം 4.4 മില്യണ്‍ ആണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ എഴുപതു ശതമാനവും വിദേശികളാണ്. മുപ്പതു ശതമാനം മാത്രമാണ് സ്വദേശികളായ കുവൈത്ത് പൗരന്മാരുടെ എണ്ണം. ജനസംഖ്യയിലെ ഈ അന്തരം സാമൂഹികവും തൊഴില്‍ പരവുമായ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് ജനസംഖ്യാ സന്തുലനത്തിനു വേണ്ടി വാദിക്കുന്ന എംപിമാര്‍ പറയുന്നത്. ഇതോടൊപ്പം സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതും എണ്ണവിലത്തകര്ച്ചക്കു ശേഷമുണ്ടായ സാമ്പത്തിക അരക്ഷിതത്വവും വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നു.
അതേസമയം എണ്ണ മേഖലയിലെ ചില രംഗങ്ങളില്‍ സ്വകാര്യവത്കരണം ഉണ്ടാകുമെന്ന് എണ്ണകാര്യ മന്ത്രി ഇസാം അല്‍ മര്‍സൂഖ് പ്രസ്താവിച്ചു. എണ്ണഖനനം, ഉത്പാദനം എന്നീ മേഖലകളില്‍ സ്വകാര്യവത്കരണം സാധ്യമല്ല. എന്നാല്‍ അനുബന്ധ സേവനങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനകം സ്വകാര്യവത്കരണം നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിപണിയില്‍ വില നിയന്ത്രണത്തിന്റെ ഭാഗമായി ഒപെക് നിര്‍ദേശിച്ചതിലും അധികം ഉത്പാദനം കുവൈറ്റ് വെട്ടിക്കുറച്ചതായി മന്ത്രി അറിയിച്ചു. പ്രതിദിന ഉത്പാദനത്തില്‍ 133000 ബാരല്‍ ഉത്പാദനം കുറയ്ക്കാനാണ് ഒപെക് നിര്‍ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 146000 മുതല്‍ 148000 ബാരല്‍ വരെ കുറവ് വരുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല