സ്വന്തം ലേഖകന്‍: ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന. ബ്രെക്സിറ്റ് നടപ്പാകുന്നതോടെ ഏകീകൃത യൂറോപ്യന്‍ യൂണിയന് മാര്‍ക്കറ്റില്‍ നിന്ന് ബ്രിട്ടന് പുറത്തുപോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടന് അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമെന്നാണ് സൂചന.
അമേരിക്കയാകട്ടെ അമേരിക്കയും കാനഡയും ആസിയാന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറുകയും ചെയ്തു. കൂടാതെ ഉത്തര അമേരിക്കന്‍ സ്വതന്ത്ര വ്യാപാര സഖ്യ (നാഫ്റ്റ) ത്തില്‍നിന്നു പിന്മാറാന് ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഈ സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങള്‍ക്കും പുതിയ വാണിജ്യ പങ്കാളികള്‍ ആവശ്യമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ബ്രിട്ടനു സ്വീകാര്യമല്ലാത്ത നിലപാടുകളോ പ്രഖ്യാപനങ്ങളോ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ എതിര്‍ക്കാന്‍ ഒരിക്കലും തനിക്കു ഭയമുണ്ടാകില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. മേ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മേയ്.
ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും ഭീകരവാദത്തിനെതിരായ യോജിച്ചുള്ള പോരാട്ടവുമാകും കൂടിക്കാഴ്ചയിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍. നാറ്റോ സഖ്യത്തിന്റെ ഭാവിയെക്കുറിച്ചും സഖ്യത്തിന്റെ നിലനില്പിന് അംഗരാജ്യങ്ങള്‍ വഹിക്കേണ്ട സാമ്പത്തിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ നിര്‍ണായക ചര്‍ച്ചകളുണ്ടാകും.
വ്യാഴാഴ്ച വാഷിങ്ടനിലെത്തുന്ന തെരേസ മേയ് പുതിയ യുഎസ് പ്രസിഡന്റുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോകനേതാവാകും. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സുശക്തമായ സൗഹൃദം വിഷമംപിടിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുമെന്നു മേയ് പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല