സ്വന്തം ലേഖകന്‍: ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി, സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അപേക്ഷ ബിസിസിഐ തള്ളി. ഇതോടെ ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന കാര്യത്തില്‍ ഉറപ്പായി. ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി.
ടീം ഫൈവ് എന്ന ചിത്രത്തെക്കുറിച്ച് താരം ഫേസ്ബുക്കില്‍ ആരാധകരോട് സംസാരിക്കുന്നതിനിടയിലാണ് തിരിച്ചു വരവിനെക്കുറിച്ച് സൂചിപ്പിച്ചത്. ബിസിസിഐയില്‍ നിന്നും അനുമതിപത്രം നേടാനുള്ള ശ്രമത്തിലായിരുന്നു ശ്രീശാന്ത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്കോട്ടിഷ് ലീഗില്‍ കളിക്കാനാന് ബിസിസിഐ അനുമതി ലഭിച്ചതായും താരം പറഞ്ഞിരുന്നു.
സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു ശ്രീശാന്ത്. ലീഗില്‍ കളിക്കാനായി ബിസിസിഐ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്. എന്നാല്‍ താരത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അപേക്ഷ തള്ളിയതായി ബിസിസിഐ അറിയിച്ചത്.
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷനായ കമ്മിറ്റിയാണ് ശ്രീശാന്തിന് എന്‍.ഒ.സി നിഷേധിച്ചത്.
2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചു എന്നാരോപിച്ച് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല