സ്വന്തം ലേഖകന്‍: ലാ ലാ ലാന്‍ഡ് ഓസ്കര് നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡിനൊപ്പം, മികച്ച നടനാകാന്‍ ഇന്ത്യന്‍ താരം ദേവ് പട്ടേലും. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡ് മികച്ച ചിത്രം, സംവിധായകന്, നടന്, നടി എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ 14 വിഭാഗംഗങ്ങളിലാണ് ഓസ്കര് നാമനിര്‍ദ്ദേശങ്ങള്‍ നേടിയത്. ഇതോടെ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച ടൈറ്റാനിക്, ഓള് എബോട്ട് യു എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പമെത്തുകയും ചെയ്തു ലാ ലാ ലാന്‍ഡ്.
ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യന്‍ താരം ദേവ് പട്ടേലിന് മികച്ച സഹനടനുള്ള നോമിനേഷന് ലഭിച്ചു. ഓസ്കാര്‍ വെള്ളക്കാരുടെ വേദിയായിമാറിയെന്ന ആരോപണം നിലനില്‍ക്കെ ആറു കറുത്ത വര്‍ഗക്കാരായ അഭിനേതാക്കള്‍ക്ക് നോമിനേഷന് നല്കിയതും ശ്രദ്ധേയമായി. ഓസ്കര് ചരിത്രത്തില്‍ റിക്കാര്‍ഡാണിത്. ഓസ്കറില് മികച്ച നടിക്കുള്ള ഏറ്റവുമധികം നോമിനേഷന് ലഭിച്ച നടിയായി മെറില്‍ സ്ട്രീപ് മാറി. 20 തവണ മികച്ച നടിക്കുള്ള നോമിനേഷനുകള്‍ മെറില്‍ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. വിവാദ ചിത്രമായ മൂണ്‍ലൈറ്റ് എട്ട് നോമിനേഷനുകള്‍ സ്വന്തമാക്കി.
സ്ലം ഡോഗ് മില്യനെയറെന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് പട്ടേലിന് പുതിയ ചിത്രമായ ലയണിലെ അഭിനയത്തിനാണ് നോമിനേഷന്.സാരു ബ്രെ യ്ലി എന്ന യഥാര്‍ഥ വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലയണ്‍. മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുന്‍ഷി ഖാന് എന്ന കുട്ടി സാരു ബ്രയെലി എന്ന ഓസ്ട്രേലിയന്‍ ബിസിനസുകാരനാകുന്നതാണ് സിനിമ. ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷേരുവിന് സഹോദരന് നഷ്ടപ്പെടുന്നു. സഹോദരനെ തേടിയിറങ്ങുകയാണ് ഷേരു.
ട്രെയിന്‍ കയറി ഷേരു എത്തിച്ചേരുന്നത് കോല്‍ക്കത്തയിലാണ്. അവിടെ ജീവിക്കാന്‍ വേണ്ടി ഷേരുവിനു ഭിക്ഷയെടുക്കേണ്ടി വന്നു. ഒടുവില്‍ ഷേരു ഒരു അനാഥാലയത്തില്‍ എത്തിച്ചേരുന്നു. അവിടെയാണ് ഷേരുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. ദേവിന്റെ ആദ്യ സിനിമയായ സ്ലം ഡോഗ് മില്യണയര്‍ നിരവധി ഓസ്കര് പുരസ്കാരങ്ങള്‍ നേടിയിരുന്നു. ലയണും ഇന്ത്യന്‍ പശ്ചാത്തലമുള്ള ചിത്രമാണെന്നതാണു മറ്റൊരു പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല