സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്, അമേരിക്കയില്‍ എത്തുന്ന മുസ്ലീം അഭയാര്‍ഥികളെ വിലക്കുന്ന ഉത്തരവില്‍ ഉടന്‍ ഒപ്പുവക്കും. സിറിയ, മിഡില്‍ ഈസ്റ്റേണ്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് വിലക്ക് വരുന്നത്. അഭയാര്‍ഥികളെ തടയുന്നതിനൊപ്പം ചില ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വീസ റദ്ദാക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നതായാണ് സൂചന.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ നടപടി. സിറിയ, ഇറാഖ്, ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വീസയായിരിക്കും പുനഃപരിശോധിക്കുക. അനധികൃത കുടിയേറ്റം തടയുന്നതിന് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില് നിര്‍മ്മിക്കുന്നത് അടക്കമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഉത്തരവും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കും.
യുഎസിലേക്കുള്ള സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഇല്ലാതാക്കുകയാണ് ട്രംപി ലക്ഷ്യം. കൂടുതല്‍ നടപടികള്‍ അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നു അമേരിക്കയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താല്‍ക്കാലികമായി അഭയാര്‍ത്ഥികളുടെ പ്രവേശത്തിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപ് വ്യക്തമാക്കുന്നത്. വരുന്ന നാല് മാസത്തേയ്ക്ക് രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് നിര്‍ത്തിവയ്ക്കുമെന്നും ചില മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് അമേരിക്കന്‍ പബ്ലിക് പോളിസി ഓര്ഗനൈസേഷന് പ്രതിനിധി നല്കുന്ന വിവരം.
തീവ്രവാദി ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കുന്നതിനായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ തന്നെ അമേരിക്കയിലേയ്ക്ക് മുസ്ലിങ്ങള്‍ പ്രവേശിയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന പ്രചാരണ സമയത്തെ ട്രംപിന്റെ [രസ്താവന ഏറെ വിവാദമായിരുന്നു.
രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് അവസാനിപ്പിയ്ക്കാന്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുള്‍പ്പെടെ ട്രംപ് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കും. ഇതിനൊപ്പം തന്നെ ട്രംപ് യുഎസ് കസ്റ്റംസിനോടും അതിര്‍ത്തി രക്ഷാസേനയോടും നിലവില്‍ വിസയുള്ളവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അമേരിക്കന്‍ പൗരന്മാര് അല്ലാത്തവര്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് ഇല്ലാതാക്കുന്നതിനായി ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അമേരിക്കന്‍ ഏജന്‍സികള്‍ക്ക് ട്രംപ് നിര്‍ദേശം നല്കി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പ് നടത്തി അമേരിക്കയി എത്തുന്നതും ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് ഇല്ലാതാക്കാനും വേണ്ടിയാണ് ഈ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല