സ്വന്തം ലേഖകന്‍: യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു, പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്. അതിര്‍ത്തിയില്‍ മതില്‍കെട്ടി മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നുള്ളത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
എന്നാല്‍ മതില്‍ നിര്‍മ്മിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തോട് സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ പറഞ്ഞു. മതില്‍ നിര്‍മ്മിക്കുന്നതിന് ചെലവാകുന്ന തുക മെക്‌സിക്കോ മടക്കി നല്‍കില്ല. മെക്‌സിക്കോ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും നീറ്റോ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് മെക്‌സിക്കോയും പണം നല്‍കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിറ്റോ ഈ മാസം 31ന് നടത്താനിരുന്ന യു.എസ് പര്യടനം ഉപേക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്. പര്യടനത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണ് നീറ്റോ അറിയിച്ചത്. എന്നാല്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം തുടങ്ങിയെന്നാണ് സൂചന.
മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്ന് ആയുധ കള്ളക്കടത്തുമാണ് അമേരിക്കന്‍ ജീവിതത്തിന് ഭീഷണി ഉര്‍ത്തുന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍പ്പാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് മതില്‍ നിര്‍മ്മിക്കുന്നത് അനിവാര്യമാണെന്നും ട്രംപ് വാദിക്കുന്നു.
അതേസമയം, ട്രംപിന്റെ കുടിയേറ്റവിരുദ്ധ നീക്കത്തില്‍ യുഎസില്‍ എങ്ങും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുടിയേറ്റ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങളും നിലപാടെടുത്തിട്ടുണ്ട്.
ആഭ്യന്തര സമാധാനം തകര്‍ക്കുന്നതാണ് പ്രസിഡന്റിന്റെ ഉത്തരവെന്നാണ് പൊതുവികാരം. കുടിയേറ്റക്കാര്‍ക്കിടയില്‍ നിയമ ബോധവല്‍ക്കരണം നടത്തുമെന്ന് ട്രംപ് വിരുദ്ധര്‍ പ്രഖ്യാപിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് ശക്തമായ വേരോട്ടമുള്ള മുസ്ലീം രാജ്യങ്ങളായ സിറിയ, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ, യെമന്‍ എന്നീ രാജ്യത്തില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഉടന്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല