സ്വന്തം ലേഖകന്‍: കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരിയായ മകളെ നഗ്നയാക്കി മര്‍ദ്ദിച്ചു, ഇനി ഇന്ത്യയില്‍ കാലു കുത്തില്ലെന്ന് 75 കാരിയായ പ്രവാസി. പ്രവാസിയായ 75 കാരിക്കും ഭിന്നശേഷിയുള്ള മകള്‍ക്കും കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബാലഗറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മര്‍ദ്ദനമേറ്റത്. കല്യാണി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസര്‍ക്കാണ് സ്ഥലവാസികളില്‍ നിന്ന് ഭീകരമായ അനുഭവം ഉണ്ടായത്.
12 വര്‍ഷം മുമ്പ് യു.എസിലേക്ക് കുടിയേറിയ പ്രൊഫസര്‍ എല്ലാ വര്‍ഷവും ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. മകനും ഇളയ മകള്‍ക്കുമൊപ്പം ഏതാനും ദിവസങ്ങള്‍ ചെലവഴിക്കുന്നതിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുമാണ് അവര്‍ ഇന്ത്യയില്‍ എത്തിയത്. ഇത്തവണ അംഗവൈകല്യമുള്ള മൂത്ത മകളേയും കൂട്ടിയിരുന്നു. ശനിയാഴ്ച ഇന്ത്യയില്‍ എത്തിയ അവര്‍ ചില ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് ബലഗറില് എത്തിയത്.
ഡ്രൈവര്‍ക്കൊപ്പം ബാലഗറിലെത്തിയ അമ്മയ്ക്കും മകള്‍ക്കും നേരെ ഗ്രാമവാസികളില്‍ ചിലര്‍ രംഗത്ത് വരികയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവരെന്ന് ആരോപിച്ചാണ് അക്രമി സംഘം അമ്മയെയും മകളെയും ആക്രമിച്ചത്. അംഗവൈകല്യം വ്യക്തമാക്കുന്ന ഐഡി കാര്‍ഡ് കാണിച്ചിട്ടും അക്രമി സംഘം മകളെ നഗ്നയാക്കി മര്‍ദ്ദിച്ചു.
ഇരുമ്പ് വടിയും പെട്രോളുമായി എത്തിയാണ് സംഘം ആക്രമിച്ചത്. തുടര്‍ന്ന് അമ്മയുടെ മകളുടെയും കൈവശം ഉണ്ടായിരുന്ന പണവും വിലയേറിയ വസ്തുക്കളും അക്രമികള്‍ മോഷ്ടിച്ചു. കൈകൂപ്പി യാചിച്ചിട്ടും അക്രമികള്‍ തങ്ങളെ വെറുതെ വിടാന്‍ തയ്യാറായില്ലെന്നും വൃദ്ധ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് പിടികൂടി. 9 പേര് ഒളിവിലാണ്.
ഇത്തരമൊരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ഇന്ത്യയില്‍ കാലു കുത്തില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഈ കുടുംബമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല