1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

സ്വന്തം ലേഖകന്‍: ചൈനീസ് ഉത്പന്നങ്ങളുടെ കടക്കല്‍ കത്തിവച്ച് ട്രംപ്, ഇറക്കുമതി ചെയ്യുന്ന ചൈനീസ് ടയറുകള്‍ക്ക് അധിക നികുതി. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ ഉത്തരവില്‍ ഒപ്പിട്ട ശേഷമാണ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്കു നേരെ തിരിഞ്ഞിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള ടയര്‍ ഇറക്കുമതിക്ക് അധിക നികുതി ചുമത്താനാണ് അമേരിക്കയുടെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് അന്താരാഷ്ട്ര ട്രേഡ് കമ്മീഷന്റെ (യുഎസ്‌ഐടിസി) തീരുമാനം. ചൈനാ ടയറുകളുടെ ഇറക്കുമതിക്ക് മൂക്കു കയറിടുക എന്നത് തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ടയര്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന. അതുകൊണ്ടാണ് ടയറില്‍ തന്നെ അമേരിക്ക പിടിമുറുക്കിയത്. ടയര്‍ മേഖലയിലുള്ള ചൈനയുടെ കടന്നുകയറ്റം മൂലം അമേരിക്കന്‍ കമ്പനികള്‍ യു.എസ് സര്‍ക്കാരിനോട് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ അധിക നികുതി ചുമത്തി ഇറക്കുമതി തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണം കൈയ്യില്‍ വന്നയുടനെ ട്രംപ് ഉത്തരവ് ഇറക്കുക്കുകയായിരുന്നു.

നിലവിലുള്ള കൗണ്ടര്‍ വെയിലിംഗ് നികുതിയ്ക്ക് (19 ശതമാനം) പുറമെ ആന്റി ഡംപിംഗ് നികുതി എന്നപേരില്‍ 24 ശതമാനം അധിക നികുതി കൂടി ചുമത്താനാണ് അമേരിക്കയുടെ പുതിയ തീരുമാനം. ചൈനക്ക് ഇത് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതിവര്‍ധനവിലൂടെ ചൈനീസ് ടയറുകള്‍ക്ക് അമേരിക്കയില്‍ വില വര്‍ധിക്കും. ചൈനീസ് ടയറുകളുടെ വില അമേരിക്കന്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ടയറുകളുടെ വിലയ്ക്ക് തുല്യമാക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം.

അതേസമയം, ചൈനീസ് ടയര്‍ കമ്പനികളുടെ കടന്നുകയറ്റത്തിന് എതിനെ ഇന്ത്യന്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും ഇനിയും നടപടികളായിട്ടില്ല. നിലവില്‍ പേരിനു മാത്രം നികുതി നല്‍കിയാണ് ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ടയര്‍ എത്തിക്കുന്നത്. ഇതിനിടെ, യു.എസിലേയ്ക്കുള്ള കയറ്റുമതി കൂടി നിലക്കുന്നതോടെ ആ ടയറുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമം ചൈന നടത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ കമ്പനികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.