സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് വിവാദം,കൊമ്പുകോര്‍ത്ത് ‘പെറ്റ’യും നടന്‍ സൂര്യയും, മാപ്പു പറഞ്ഞിട്ടും വിവാദം തീരുന്നില്ല. തമിഴ് സിനിമാതാരം സൂര്യയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മൃഗസ്‌നേഹി സംഘടനയായ പെറ്റ മാപു ചോദിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന സിങ്കം 3 സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നത് എന്നായിരുന്നു ‘പെറ്റ’യുടെ പരാമര്‍ശം.
പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നതായി പെറ്റ സൂര്യയ്ക്കയച്ച ഇമെയിലില്‍ പറഞ്ഞു. ‘താങ്കള്‍ ദുരിതമനുഭിക്കുന്ന കുട്ടികളെ സഹായിക്കുന്ന ആഗാരം ഫൗണ്ടേഷന്‍ എന്നൊരു പ്രസ്ഥാനത്തിന്റെ സ്ഥാപകനാണെന്ന കാര്യം ഞങ്ങള്‍ അറിഞ്ഞു. മനുഷ്യനും കാളകള്‍ക്കും ഒരു പോലെ അപകടമുണ്ടാക്കുന്ന ജെല്ലിക്കെട്ടിനെപ്പോലെയുള്ള ഒരു ക്രൂരവിനോദം താങ്കള്‍ അനുകൂലിക്കുന്നത് കണ്ടപ്പോള്‍ സിനിമയുടെ പ്രചരണത്തിന് ആയിരിക്കും എന്ന് കരുതിപ്പോയി.
നല്ലൊരു സിനിമയെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. പക്ഷെ, ഏതെങ്കിലും ജീവിയോടുള്ള ക്രൂരതയോട് യോജിക്കാനാകില്ല. മൃഗങ്ങള്‍ക്കും മനുഷ്യനും ദ്രോഹം ചെയ്യുന്ന ഒരു പ്രദര്‍ശനത്തോട് താങ്കളും യോജിക്കില്ല എന്നാണ് കരുതിയത്,’ കത്തില്‍ പെറ്റ പറയുന്നു.
‘സിങ്കം സിനിമയില്‍ താങ്കള്‍ സത്യസന്ധനും കര്‍ത്തവ്യബോധവുമുള്ള ഒരു പോലീസ് ഓഫീസറാണ്. താങ്കളുടെ ഈ കഥാപാത്രത്തെപ്പോലെ 1960ലെ മൃഗ സംരക്ഷണ നിയമവും പാലിക്കാന്‍ താങ്കള്‍ ശ്രദ്ധിക്കണം,’ എന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. എന്നാല്‍ മാപ്പു പറയുന്ന രീതിയില്‍ താരത്തെ അപമാനിക്കുകയാണ് ‘പെറ്റ’ വീണ്ടും ചെയ്തിരിക്കുന്നത് എന്നാണ് ആരാധകരുടെ വാദം.
പെറ്റ ഇന്ത്യയുടെ മേധാവി പൂര്‍വ ജോഷിപുരയാണ് മെയില്‍ അയച്ചിരിക്കുന്നത്. സിങ്കം 3 സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് സൂര്യ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നത് എന്ന പെറ്റയുടെ പരാമര്‍ശത്തെ തുടര്‍ന്ന് സൂര്യ പെറ്റയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പെറ്റയുടെ പരാമര്‍ശം തന്നെയും കുടുംബത്തേയും ഏറെ വേദനിപ്പിച്ചു. താന്‍ ആദ്യമായല്ല ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുന്നത്. അതിനാല്‍ വക്കീല്‍ നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം മാപ്പു പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും സൂര്യ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെറ്റയുടെ കത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല