സ്വന്തം ലേഖകന്‍: ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞു, സമരം വിജയിച്ചതായി എസ്എഫ്‌ഐ, രാജിവക്കും വരെ സമരമെന്ന് മറ്റു സംഘടനകള്‍. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ നീക്കിയതായി മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. നാളെ മുതല്‍ അക്കാദമി തുറന്നു പ്രവര്‍ത്തിക്കുമെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ വ്യക്തമാക്കി.
അഞ്ചു വര്‍ഷത്തേയ്ക്കാണ് ലക്ഷ്മി നായരെ വിലക്കിയറിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റി ഇക്കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കും. ലക്ഷ്മി നായര്‍ക്ക് ഈ സമയത്ത് അധ്യാപികയായി പോലും ലോ അക്കാദമിയില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍, ക്യാംപസില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ഇതിനിടെ, മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ മുന്നോട്ടുവെച്ച 17 ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, എസ്.എഫ്.ഐയെ മാത്രമാണ് മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും തങ്ങള്‍ സമരം തുടരുക തന്നെ ചെയ്യുമെന്നും കെ.എസ്.യു, എ.ബി.വി.പി, എഐഎസ്എഫ്, എം.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥിസംഘടനകളും വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും അറിയിച്ചു.
ലക്ഷ്മി നായര്‍ക്കെതിരെ പരായി ഉന്നയിക്കുകയും അതിനെ തുടര്‍ന്ന് സമരരംഗത്ത് ഇറങ്ങുകയും ചെയ്തവരില്‍ കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ട്. ലക്ഷ്മി നായര്‍ കോളെജില്‍ ഏതെങ്കിലും ചുമതലയില്‍ തുടര്‍ന്നാല്‍ തങ്ങള്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന് ഈ വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നുണ്ട്. ഇതിന് തടയിടാനാണ് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.
ഇക്കാലയളവില്‍ ഇപ്പോള്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങാനാകും. കഴിഞ്ഞ ദിവസം കോളെജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലും എസ്എഫ്‌ഐ ഇതേ ആവശ്യമാണ് ഉന്നയിച്ചത്. എന്നാല്‍ എസ്എഫ്‌ഐ ഒഴികെ സമരരംഗത്തുള്ള മറ്റ് സംഘടനകള്‍ ലക്ഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
രാജിപറ്റില്ലെന്ന നിലപാടില്‍ ലക്ഷ്മി നായരും ഉറച്ച് നില്‍ക്കുന്നു. ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുകയും എന്നാല്‍ അധ്യാപനത്തില്‍ തുടരുകയും ചെയ്യുക എന്ന നിലപാടാണ് കഴിഞ്ഞ ദിവസം ലക്ഷ്മി നായര്‍ കൈക്കൊണ്ടത്. ഇത് ആരും അംഗീകരിച്ചില്ല. തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുക എന്ന ഒത്തുതീര്‍പ്പ് എസ്എഫ്‌ഐ മുന്നോട്ടുവച്ചത്.
സമരരംഗത്തുള്ള വിദ്യാ!ര്‍ത്ഥി സംഘടനകള്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. മാനേജ്‌മെന്റിന് വഴങ്ങി എസ്എഫ്‌ഐ സമരത്തെ വഞ്ചിച്ചുവെന്നാണ് മറ്റു സംഘടനകള്‍ ആരോപിക്കുന്നത്. മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ നിന്ന് എസ്എഫ്‌ഐ ഒഴികെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇറങ്ങിപ്പോയിരുന്നു. അവസാന ഘട്ടത്തില്‍ മാത്രം സമരത്തില്‍ പങ്കുചേര്‍ന്ന എസ്എഫ്‌ഐയോട് മാത്രമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയതിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്.
അതിനിടെ ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കട റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡ് ഉപരോധിക്കുകയായിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ലോ അക്കാദമിയില്‍ ഉപവാസം നടത്തുന്ന വി മുരളീധരനെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല