സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ ജീവിക്കാന്‍ താല്‍പര്യമില്ല, വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യ വിടാത്ത അമേരിക്കന്‍ വനിതക്ക് സഹായവുമായി സുഷമ സ്വരാജ്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ 90 കാരി കാന്താ ബെന്‍ വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിലേക്ക് തിരിച്ചു പോവാന്‍ താല്‍പര്യമില്ലാതെ ഇന്ത്യയില്‍ തുടരുകയാണ്. ഇതറിഞ്ഞതിനെ തുടര്‍ന്ന് ട്വിറ്റര്‍ വഴിയാണ് വിദേശകാര്യ മന്തി സുഷമാ സ്വരാജ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ കാന്താ ബെന്‍ ഇളയ മകനോടൊപ്പം അമേരിക്കയിലെ ഒക്കലഹോമയിലായിരുന്നു താമസം. അമേരിക്കന്‍ പൗരത്വമുള്ള ഇവര്‍ കഴിഞ്ഞ നവംബറിലാണ് ഇന്ത്യയില്‍ എത്തിയത്. 72 മണിക്കൂര്‍ വിസയിലായിരുന്നു ഇന്ത്യാ സന്ദര്‍ശനം. ഇപ്പോള്‍ ജനുവരി അവസാനമായിട്ടും അവര്‍ ഇന്ത്യയില്‍ തന്നെ തുടരുകയാണ്.
കാന്താ ബെന്നിന് ട്രംപിന്റെ അമേരിക്കയില്‍ ജീവിക്കാന്‍ താല്‍പര്യമില്ല എന്നതാണ് കാരണം. എന്നാല്‍ ജനുവരി 12 നു ഇന്ത്യ വിട്ടുപോവാനുള്ള അന്ത്യശാസനം കാന്താ ബെന്നിന് വിദേശകാര്യ വകുപ്പ് നല്‍കിയിരുന്നു.
കാന്താ ബെന്നിന്റ അവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് സഹായ ഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെടുകയായിരുന്നു.
കാന്താ ബെന്‍ ഇന്ത്യ വിടേണ്ട കാര്യമില്ലെന്നും പ്രശനങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാമെന്നുമാണ് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കാന്താ ബെന്നിനെ കുറിച്ചുള്ള ലേഖനത്തോടൊപ്പമായിരുന്നു ട്വീറ്റ്. ഇനി അമേരിക്കയിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നും കാണിച്ച് സുഷമാ സ്വരാജിനും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും കാന്താ ബെന്‍ പരാതി കൊടുത്തിരുന്നു.
തനിക്ക് അമേരിക്കയില്‍ സംസാരിക്കാന്‍ പോലും ആരുമില്ലെന്നും ഇന്ത്യയില്‍ ജനിച്ച് കൂടുതല്‍ കാലവും ഇന്ത്യയില്‍ തന്നെ ജീവിച്ച താന്‍ ഇളയ മകനോടൊപ്പം അമേരിക്കയില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നുമാണ് കാന്ത ബെന്‍ പറയുന്നത്. മൂത്ത മകനോടൊപ്പം അഹമ്മദാബാദിലാണ് കാന്താ ബെന്‍ ഇപ്പോള്‍ താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല