സ്വന്തം ലേഖകന്‍: ഇ അഹമ്മദിന് ജന്മനാട് ഇന്ന് യാത്രാമൊഴി നല്‍കും, കണ്ണൂരില്‍ കബറക്കം. ഡല്‍ഹിയില്‍ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന് ജന്മനാടായ കണ്ണൂരില്‍ അന്ത്യവിശ്രമം. വ്യാഴാഴ്ച പതിനൊന്നിനു കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലാണു കബറടക്കം.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ സമീപത്തുള്ള ആര്‍.എം.എല്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സ്ഥിരീകരിച്ചു. എയിംസിലെത്തിച്ച് എംബാം ചെയ്ത മൃതദേഹം തീന്‍മൂര്‍ത്തി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം പ്രത്യേക വിമാനത്തിലാണു കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.
കരിപ്പൂര്‍ ഹജ് ഹൗസിലും കോഴിക്കോട്ടെ ലീഗ് ഹൗസിലും പൊതുദര്‍ശനത്തിനു ശേഷം രാത്രി കണ്ണൂര്‍ താണയിലെ വസതിയായ സിതാരയിലെത്തിച്ചു. കണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലെ പൊതുദര്‍ശനത്തിനു ശേഷം 12.30ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും കബറടക്കം. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നു കണ്ണൂര്‍ ജില്ലയിലും മാഹിയിലും സര്‍വകക്ഷി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡല്‍ഹിലെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ജിതേന്ദ്ര സിങ്, അനന്ത്കുമാര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല