സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ. അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് വിശപ്പകറ്റാന്‍ പോലും ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ജവാന് തേജ് മഹാദൂര്‍ യാദവ് ബി.എസ്.എഫിന്റെ കസ്റ്റഡിയിലാണെന്ന് പരാതിയുമായി ഭാര്യ ശാര്‍മ്മിള രംഗത്തെത്തി. സ്വമേധയാ വിരമിക്കാനുള്ള അപേക്ഷ നിരസിച്ച് തേജിനെ ബി.എസ്.എഫ് അധികൃതര്‍ രഹസ്യ സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണെന്നും ശാര്‍മ്മിള പറഞ്ഞു.
ജനുവരി 31ന് തേജാണ് ഇക്കാര്യം തന്നെ വിളിച്ചുപറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. തേജും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡും അവര്‍ പുറത്തുവിട്ടു. തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിക്കുകയാണെന്നും തന്റെ ജീവന് അപകടത്തിലാണെന്നും തേജ് പറയുന്നുണ്ട്.
‘നിരവധി തെറ്റുകള്‍ ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതായി തനിക്കറിയാം. അതുകൊണ്ടാണ് അവര്‍ തന്നോട് ഇങ്ങനെ പെരുമാറുന്നത്. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും സന്ദേശം പൊതുസമൂഹത്തെ അറിയിക്കണമെന്നും’ തേജ് ഭാര്യയോട് പറയുന്നു. അദ്ദേഹത്തെ അവര്‍ മാനസികമായി പീഡിപ്പിക്കുകയാണ്. തങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്’. മോചിപ്പിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം നടത്തണമെന്നാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ശാര്‍മ്മിള പറഞ്ഞു.
എന്നാല്‍ ശാര്‍മ്മിളയുടെ ആരോപണം ബി.എസ്.എഫ് നിഷേധിച്ചു. തേജ് ബഹാദൂറിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ബി.എസ്.എഫ് വക്താവ് ഡല്‍ഹിയില്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനാല്‍ സ്വമേധയാ വിരമിക്കാനുള്ള അപേക്ഷ നിരസിച്ചിട്ടുണ്ട്. ഭാര്യയോട് സംസാരിക്കാന്‍ അദ്ദേഹത്തിന് അനുമതിയുണ്ടെന്നും ബി.എസ്.എഫ് വ്യക്തമാക്കി.
ജനുവരിയില്‍ ജമ്മു കശ്മീരില്‍ ഇന്തോപാകിസ്താന് അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് തേജ് ബഹാദൂര്‍ സൈന്യത്തിലെ പ്രശ്നങ്ങള്‍ പുറത്തറിയിച്ചുകൊണ്ട് സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സേനയിലെ മോശം ഭക്ഷണത്തെക്കുറിച്ച് ജവാന് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് തേജ് ബഹാദൂര്‍ യാദവ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഉന്നയിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി.
കരിഞ്ഞ ഭക്ഷണവും ഒരു ഗ്ലാസ് ചായയും മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് തേജ് ബഹാദൂര്‍ വീഡിയോയില്‍ ആരോപിക്കുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് തേജ് ബഹാദൂറിനെ പൂഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഒപ്പം തേജ് ബഹാദൂര്‍ മദ്യപാനിയും അച്ചടക്കം
ഇല്ലാത്തവനുമാണെന്നും ബി.എസ്.എഫ് ആരോപിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് മറ്റ് സൈനികരും അര്‍ധസൈനികരും സമാനമായ പരാതികള്‍ സമൂഹ മാധ്യമങ്ങളില്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ സേനയിലെ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പരാതി ഉന്നയിക്കുന്ന ജവാന്മാര്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കരസേന മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല, കരസേനയുടേയും ആത്മവീര്യം തകര്‍ക്കുമെന്നും ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല