സ്വന്തം ലേഖകന്‍: ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേലിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെസ്റ്റ് ബാങ്കില്‍ വീണ്ടും കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് അമേരിക്കയുടെ പ്രതികരണം എന്നാണ് സൂചന. 3000 ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ഇസ്രായേലിന്റെ പദ്ധതി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് ഭരണകൂടം കുടിയേറ്റത്തെ സംബന്ധിച്ച് ഔദ്യോഗിക നിലപാട് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വൈറ്റ് ഹൗസിന്റെ പുതിയ പ്രസ്താവനയില്‍ ഇസ്രയേല്‍ അനുകൂല നിലപാടുള്ള ട്രംപ് അതില്‍ മാറ്റം വരുത്തിയതായാണ് സൂചന.
പുതിയ കുടിയേറ്റങ്ങളും അനുബന്ധ നിര്‍മാണങ്ങളും പശ്ചിമേഷ്യയിലെ സമാധാനത്തിനു സഹായകരമാവില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ട്രംപ് ഭരണകൂടം ഇസ്രയേലിനു നല്‍കിയിരിക്കുന്നത്.
രാജ്യാന്തരസമൂഹം നിയമവിരുദ്ധമെന്ന് കരുതുന്ന പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തിനോട് ട്രംപിന് അനുകൂല നിലപാടാണെന്നാണു പൊതുവേ കരുതപ്പെട്ടിരുന്നത്. ഇസ്രയേലി കുടിയേറ്റത്തെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് എതിരേ അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കാത്തതിനെ അധികാരമേറ്റെടുക്കുന്നതിനു തൊട്ടുമുമ്പ് ട്രംപ് കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇപ്പോഴുള്ള കുടിയേറ്റം സമാധാനത്തിനു തടസമാകുമെന്നു കരുതുന്നില്ല, പക്ഷേ നിലവിലെ അതിര്‍ത്തിക്കപ്പുറം പുതിയ കുടിയേറ്റങ്ങള്‍ സൃഷ്ടിക്കുന്നതു സമാധാനം നേടുന്നതിനെ തുണയ്ക്കുമെന്നും കരുതുന്നില്ല വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ ട്രംപിന്റെ മലക്കംമറിച്ചില്‍ പ്രകടമാണ്. കുടിയേറ്റ നടപടികളില്‍ ട്രംപ് ഭരണകൂടം ഔദ്യോഗികമായ നിലപാട് എടുത്തിട്ടില്ലെന്നും അമേരിക്കയിലെത്തുന്ന ഇസ്രയേല്‍ പ്രസിഡന്റ് നെതന്യാഹുമായി ട്രംപ് ഫെബ്രുവരി 15 ന് വിഷയം ചര്‍ച്ച ചെയ്യുമെന്നും വൈറ്റ്ഹൗസ് അറിയിക്കുകയും ചെയ്തു.
രണ്ടു ദശകത്തിനിടെ വെസ്റ്റ്ബാങ്കിലെ ആദ്യ കുടിയേറ്റം സാധ്യമായ അത്രയും വേഗത്തില്‍ നടപ്പാക്കുമെന്നു നെതന്യാഹു പറഞ്ഞതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവന. ഡെമോക്രാറ്റുകളുടെ ഭരണകാലത്ത് പ്രസിഡന്റ് ബരാക് ഒബാമയുമായി നെതന്യാഹുവിന്റെ ബന്ധം കാറ്റും കോളു നിറഞ്ഞതായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി ട്രംപ് ഇസ്രയേലുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തുമെന്ന് നിരീക്ഷകര്‍ കരുതിയ സമയത്താണ് ട്രംപിന്റെ നിലപാടു മാറ്റം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല