സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ ജാഗ്രതൈ! അശ്ലീല ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് തകര്‍ത്ത് കേരള സൈബര്‍ വാരിയേഴ്സ്. സെക്സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച 34 ഫെയ്സ്ബുക്ക് പേജുകളും, 25 ഫെയ്സ്ബുക്ക് ഗ്രൂപ്പുകളുമാണ് കേരള സൈബര്‍ വാരിയേഴ്സ് തകര്‍ത്തത്.
പുറത്ത് കൊണ്ട് വന്ന ഗ്രൂപ്പുകളും പേജുകളുമെല്ലാം അശ്ലീല ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങള്‍ പങ്ക് വെയ്ക്കാനായി രൂപീകരിച്ചതാണെന്ന് കേരള സൈബര്‍ വാരിയേഴസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്സായിരുന്നു.
നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പ്രശസ്തരാണ് കേരളാ സൈബര്‍ വാരിയേഴ്സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. ആദ്യമായാണ് ഫേസ്ബുക്കിലെ ഞരമ്പു രോഗികള്‍ക്കെതിരെ ഇവര്‍ തിരിയുന്നത്.
കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഇവരെ ലൈംഗിക താല്‍പ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്ബുക്ക് പേജുകള്‍ സൈബര്‍ ക്രൈം വിഭാഗവും പോലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന് തടയിടാന്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ സെക്സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോണ് സ്വഭാവത്തില്‍ പ്രതികാരനീക്കങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതാണ് ഇവയില്‍ കൂടുതല്‍ പേജുകളും ഗ്രൂപ്പുകളും. ഹാക്ക് ചെയ്ത പേജുകളിലെ പ്രൊഫൈല്‍ ചിത്രം കേരള സൈബര്‍ വാരിയേഴ്സ് എന്നാക്കി മാറ്റിയിട്ടുണ്ട്. പേജുകളിലെ അശ്ലീല് ഉള്ളടക്കങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നു കാണിക്കുമെന്ന മുന്നറിയിപ്പ് സന്ദേശവും പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബര്‍ വാരിയേഴ്സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേര്‍ത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ചെറിയ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ നഗ്ന ചിത്രങ്ങള്‍ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാന്‍ കാരണമെന്ന് കേരളാ സൈബര്‍ വാരിയേഴ്സ് അഡ്മിന് വ്യക്തമാക്കി.
പതിനായിരത്തിലേറെ പേജുകള്‍ ഇത്തരത്തില്‍ മലയാളത്തില്‍ സജീവമാണ്. പൂര്‍വ്വ കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക പരാമര്‍ശത്തോടെ പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാഴ്ചയെടുത്താണ് ഇത്രയും ഗ്രൂപ്പുകളും പേജുകളും ഹാക്ക് ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല