സ്വന്തം ലേഖകന്‍: ബ്രക്സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവള പത്രം പുറത്തിറക്കി തെരേസാ മേയ് സര്‍ക്കാര്‍, ഏകീകൃത വിപണിയില്ല, യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ മാത്രം. ‘യൂറോപ്യന്‍ യൂണിയന് നോട്ടിഫിക്കേഷന്‍ ഓഫ് വിത്ത്ഡ്രോവല്‍’ എന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരാനുള്ള ബില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് ബ്രെക്സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കിയത്.
12 തത്വങ്ങളാണ് 70 പേജുള്ള ധവളപത്രംത്തില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനും രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ പരമാധികാരം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍നടപടികളില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്ത് യുകെയുടെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഇതു സംബന്ധിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അവകാശപ്പെട്ടത്.
യൂണിയന് അംഗത്വം ഉപേക്ഷിക്കുന്നതിനൊപ്പം യൂറോപ്യന്‍ ഏകീകൃത വിപണിയില്‍നിന്നു പുറത്തുപോകുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതിനു പകരം യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉറപ്പാക്കുന്ന കസ്റ്റംസ് ധാരണയ്ക്കു ശ്രമിക്കുമെന്നും പറയുന്നു.
യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വ്യവസായങ്ങള്‍ തയാറെടുപ്പിന് മതിയായ സമയം അനുവദിച്ചു തന്നെയാവും ഇതു സാധ്യമാക്കുക. തൊഴില്‍ വൈദഗ്ധ്യ പരിഹരിക്കാനും യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കാനും നടപടികള്‍ ഉറപ്പു നല്കുന്നു.
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ ജീവിക്കുന്ന ബ്രിട്ടീഷുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ പുറത്ത് ബ്രിട്ടന്റെ പരമാധികാരം ഉറപ്പാക്കും. വടക്കന്‍ അയര്‍ലന്‍ഡുമായും അയര്‍ലന്‍ഡുമായും അതിര്‍ത്തി പ്രശ്നങ്ങള്‍ ഇല്ലാതെ നോക്കും. സ്കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവര്‍ക്ക് കൂടുതല്‍ പരമാധികാരവും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
അതേസമയം, നിലവില്‍ യുകെയില്‍ താമസിക്കുന്ന മുപ്പതു ലക്ഷം യൂറോപ്യന്‍ യൂണിയന് പൗരന്മാരെ ഇപ്പോഴുള്ള അതേ അവകാശങ്ങളോടെ രാജ്യത്തു തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ തന്നെ ശക്തമായി വരുന്നത് പ്രധാനമന്ത്രി തെരേസ മേക്ക് കനത്ത വെല്ലുവിളിയാകും. ഈ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഭേദഗതി വേണമെന്ന ആവശ്യവും ശക്തം.
ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസാണു ധവളപത്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതേസമയം, ധവളപത്രത്തില്‍ കാര്യമായി ഒന്നും പറയുന്നില്ലെന്നാണ് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ പ്രതികരണം. അര്‍ഥവത്തായ വിലയിരുത്തലിന് സമയം ശേഷിക്കാത്തവിധം വൈകിയാണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. ഹൗസ് ഓഫ് കോമണ്‍സിലെ ജനപ്രതിനിധികളുടെ നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് ധവളപത്രം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി തെരേസ മേ സമ്മതം മൂളിയത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബ്രിട്ടന് യൂണിയനില്‍നിന്നും പുറത്തുവരുമ്പോള്‍ എക്സിറ്റ് ഫീസായി യൂണിയന് 60 ബില്യണ്‍ യൂറോയോളം നല്‍കേണ്ടിവരുമെന്നാണു ധവളപത്രം വ്യക്തമാക്കുന്നത്. പാര്‍ലമെന്ററി സബ്ജട് കമ്മിറ്റിയിലെയും പ്രഭുസഭയിലെയും തുടര്‍ചര്‍ച്ചകള്‍ പൂര്‍ത്തിയായാലുടന്‍ നടപടികളുടെ വ്യക്തമായ സമയക്രമവും പ്രഖ്യാപിക്കും. മുന്‍ നിശ്ചയപ്രകാരം മാര്‍ച്ച് 31 തന്നെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും 2019 മേയോടെ യൂണിയനുമായി വിടവാങ്ങല്‍ ഉടമ്പടിയുണ്ടാക്കി പൂര്‍ണമായും സ്വതന്ത്രമാകാനുമാണു സര്‍ക്കാര്‍ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല