1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2017

സ്വന്തം ലേഖകന്‍: 3700 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, യുപിയില്‍ മൂന്നു പേര്‍ പിടിയില്‍, തട്ടിച്ചത് 6 ലക്ഷത്തോളം പേരെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 3726 കോടി രൂപ തട്ടിയ കേസില്‍ 3 ഡബ്ല്യൂ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മേധാവികളും ജീവനക്കാരനും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിലായി. കമ്പനി ഡയറക്ടര്‍ അനുഭവ് മിത്തല്‍, സി.ഇ.ഒ ശ്രീധര്‍ പ്രസാദ്, ടെക്‌നീഷ്യന്‍ മഹേഷ് ദയാല്‍ എന്നിവരാണ് അറസ്റ്റിലായത്.

നിക്ഷേപങ്ങള്‍ക്ക് മേല്‍ മികച്ച ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഓണ്‍ലൈന്‍ വഴി കമ്പനി പണം സ്വീകരിച്ചത്. എന്നാല്‍, ലാഭം നല്‍കിയില്ലെന്ന് കാണിച്ച് ചിലര്‍ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. 6.30 ലക്ഷം പേര്‍ കമ്പനിയുടെ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു.

2015 മുതലാണ് സോഷ്യല്‍ ട്രേഡ് എന്ന പേരിലെ പദ്ധതി അവതരിപ്പിച്ച് സംഘം തട്ടിപ്പു തുടങ്ങിയത്. 5750, 11500, 28750, 57500, എന്നിങ്ങനെ വിവിധ തുകയുടെ നിക്ഷേപങ്ങളാണ് സ്വീകരിച്ചിരുന്നത്. 57500 രൂപ നിക്ഷേപിച്ചാല്‍ 625 രൂപയുടെ പ്രതിദിന ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നു. പദ്ധതിയിലേക്ക് ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് കമീഷനും വാഗ്ദാനമുണ്ടായി. തുടക്കത്തില്‍ ഏതാനും പേര്‍ക്ക് ലാഭവിഹിതം നല്‍കിയ കമ്പനി ക്രമേണ അത് നിര്‍ത്തി.

പദ്ധതിയുടെ ഭാഗമാവാന്‍ ഒമ്പതു ലക്ഷം പേര്‍ കൂടി അപേക്ഷ സമര്‍പ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ കമ്പനിയുടെ പേര് നിരന്തരം മാറ്റിക്കൊണ്ടിരുന്നു. നോയിഡയിലെ സെക്ടര്‍63ല്‍ സ്ഥിതിചെയ്യുന്ന എബ്ലെയ്‌സ് ഇന്‍ഫോ സൊലൂഷന്‍ ലിമിറ്റഡ് എന്ന കന്പനിയുടെ മറവില്‍ തട്ടിപ്പു നടത്തുമ്പോഴാണ് ഒടുവില്‍ പിടിവീഴുന്നത്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 500 കോടി രൂപയും എസ്ടിഎഫ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

വരിക്കാരുടെ മൊബൈലുകളിലേക്ക് അയച്ചു നല്കുന്ന വെബ്‌പോര്‍ട്ടല്‍ ലിങ്കുകള്‍ ലൈക്ക് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാമെന്നായിരുന്നു ഇവര്‍ നല്കിയ വാഗ്ദാനം. ഓരോ ലൈക്കിനും ആറ് രൂപ വീതം ലഭിക്കുമെന്നും അതില്‍ അഞ്ച് രൂപ ലൈക്ക് ചെയ്യുന്ന ആളുകള്‍ക്ക് കമ്പനി നല്കുമെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. മുതല്‍മുടക്കിയവര്‍ക്ക് ദിനംപ്രതി 25 മുതല്‍ 125വരെ യുആര്‍എല്‍ (ഓണ്‍ലൈന്‍ ലിങ്ക്) അയച്ചു നല്കാറുണ്ട്, ഇവ വ്യാജമായിരുന്നു.

2015ലാണ് അനുഭവ് മിത്തലും സംഘവും ഓണ്‍ലൈന്‍ വ്യവസായത്തിന്റെ സാധ്യത മുതലാക്കിത്തുടങ്ങിയതെന്നും എസ്ടിഎഫ് സീനിയര്‍ സൂപ്രണ്ട് അമിത് പഥക് പറഞ്ഞു. പ്രതിമാസം ഏഴു ലക്ഷം രൂപ വാടക നല്കുന്ന നാല് നില കെട്ടിടത്തിലാണ് എബ്ലെയ്‌സ് കന്പനി പ്രവര്‍ത്തിച്ചിരുന്നത്. അനുഭവ് മിത്തല്‍ അഞ്ച് ലക്ഷം രൂപയും എംബിഎ ബിരുദക്കാരനായ ശ്രീധര്‍ പ്രസാദ് ഒരു ലക്ഷം രൂപയും പ്രതിമാസം ശന്പളം കൈപ്പറ്റിയിരുന്നതായാണ് രേഖകള്‍.

മുതല്‍ മുടക്കുന്നവര്‍ക്ക് സമീപ ഭാവിയില്‍ ചെറിയതും, നാളുകള്‍ക്കു ശേഷം വലുതുമായ പണം സമ്പാദിക്കാമെന്ന് ഉറപ്പു നല്കി കമ്പനിയില്‍ ചേര്‍ത്ത് പണം കൈപ്പറ്റുന്ന ഈ രീതി പോണ്‍സി സ്‌കീം എന്നാണ് അറിയപ്പെടുന്നത്. ഈ പദ്ധതി പ്രകാരം പുതുതായി ചേര്‍ക്കപ്പെടുന്നവരുടെ പക്കല്‍നിന്നുള്ള പണമാണ് മുമ്പുള്ളവരുടെ വരുമാനം. 192 0ല്‍ അമേരിക്കയില്‍ ഈ രീതിയില്‍ കുപ്രസിദ്ധിയാര്‍ജിച്ച ചാള്‍സ് പോണ്‍സിയുടെ പേരിലാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. വിഖ്യാത എഴുത്തുകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ മാര്‍ട്ടിന്‍ ച്യൂസ്‌ലെവിറ്റ്, ലിറ്റില്‍ ഡോറിറ്റ് എന്നീ നോവലിലെ ആശയം ഉള്‍ക്കൊണ്ടായിരുന്നു പോണ്‍സി തട്ടിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.