സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങള്‍ കൊടും തണുപ്പിന്റെ പിടിയില്‍, മഞ്ഞു വീഴ്ചയും മഴയും ഗതാഗതം താറുമാറാക്കി, അതി ജാഗ്രതാ മുന്നറിയിപ്പ്. യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊടും തണുപ്പ് തുടരുന്നതിനിടെ റാസല്‍ഖൈമയില്‍ ഉയരംകൂടിയ മലമ്പ്രദേശങ്ങളില്‍ ശനിയാഴ്ച മഞ്ഞുവീഴ്ചയുമുണ്ടായി. ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴയും കോടമഞ്ഞും അനുഭവപ്പെട്ടു.
ജബലുല്‍ ജെയ്‌സില്‍ രാവിലെ എട്ടിന് താപനില മൈനസ് ഒന്ന് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കൊടും തണുപ്പില്‍ പകല്‍സമയത്ത് പോലും പുറത്തിറങ്ങി നടക്കുന്നത് ദുഷ്‌കരമായ അവസ്ഥയാണ്. പാര്‍ക്കുകളും ബീച്ചുകളും അടക്കമുള്ള തുറസ്സായ ഇടങ്ങള്‍ ഏതാണ്ട് ശൂന്യമായിതന്നെ കിടന്നു. കടല്‍തിരകള്‍ 14 അടിവരെ ഉയര്‍ന്നു. പലയിടങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെട്ടു.
റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ദുബായ്, അബുദാബി, അല്‍ ഐന്‍ തുടങ്ങിയയിടങ്ങളിലെല്ലാം കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നെങ്കിലും ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. വൈകിട്ടോടെ അന്തരീക്ഷം കൂടുതല്‍ മേഘാവൃതമായി. സെയ്ഹ് അസ്സലാമിലാണ് യു.എ.ഇ.യിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.15ന് 22.3 ഡിഗ്രി സെല്‍ഷ്യസ്.
മഞ്ഞുവീഴ്ച കാണാന്‍ ശനിയാഴ്ചയും ജബലുല്‍ ജെയ്‌സ് ലക്ഷ്യമിട്ട് സഞ്ചാരികളെത്തി. എങ്കിലും പാതിയില്‍വെച്ച് അധികൃതര്‍ വാഹനങ്ങള്‍ തടഞ്ഞു. താഴെ നിരകളില്‍ നിന്നുള്ള മഞ്ഞുകാഴ്ചകള്‍ ചിത്രങ്ങളായും വീഡിയോയായും പകര്‍ത്തി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പാത അടച്ചതുകാരണം താഴ്വരയില്‍ വാഹനങ്ങളുടെ വന്‍നിര തന്നെ രൂപപ്പെട്ടു.
എമിറേറ്റിലെ മറ്റു പല മലമ്പാതകളും അധികൃതര്‍ ഭാഗികമായി അടച്ചിരുന്നു. മൂടല്‍ മഞ്ഞ് കാരണം മലയോരപ്രദേശങ്ങളായ അല്‍ ഗെയില്‍, ഷാം, ഖോര്‍ഖോര്‍ എന്നിവിടങ്ങളില്‍ ഏറെനേരം വാഹനഗതാഗതം ദുസ്സഹമായ അവസ്ഥയായിരുന്നു. രാവിലെയും രാത്രിയിലും കനത്ത മൂടല്‍മഞ്ഞു തുടരാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നും റാക് പോലീസ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖമീസ് അല്‍ ഹദീദി മുന്നറിയിപ്പ് നല്‍കി.
ഒമാനിലും യു.എ.ഇ.യിലും കഴിഞ്ഞ ദിവസവും കടല്‍ പ്രക്ഷുബ്ധമായിരുന്നു.
കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നിലവിലുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. ഞായറാഴ്ചയോടെ അന്തരീക്ഷം സാധാരണ അവസ്ഥയിലാകുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴയും തണുപ്പും എത്തിയത്.
മസ്‌കത്ത്, സൊഹാര്‍, സലാല തുടങ്ങി വിവിധ പ്രവശ്യകളില്‍ പത്തുമുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് വെള്ളിയാഴ്ച വൈകുന്നേരവും രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി അനുഭവപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ പല വീടുകളുടേയും മേല്‍ക്കൂരകള്‍ പറന്നു പോയി. ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടല്‍മഞ്ഞും പൊടിക്കാറ്റും പരക്കെ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ദൂരക്കാഴ്ച കുറഞ്ഞതു കാരണം പല ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല