1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2017

സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു. ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വി.കെ. ശശികലയെ മുഖ്യമന്ത്രിയാക്കുന്നറത് ചര്‍ച്ച ചെയ്യാന്‍ ഇന്നു ചെന്നൈയില്‍ അണ്ണാഡിഎംകെ പാര്‍ട്ടി എംഎല്‍എമാര്‍ യോഗം ചേരും. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കാന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയതും ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ ഓര്‍ഡിനന്‍സ് ബില്ലാക്കി നിയമസാധുത നല്കിയതും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് രാഷ്ട്രീയമായി നേട്ടമുണ്ടാക്കിക്കൊടുത്തിരുന്നു. മുഖ്യമന്തിപദത്തിലേക്ക് ഉടന്‍ ഇല്ലെന്ന നിലപാട് എടുത്തിരുന്ന ശശികലയുടെ പെട്ടെന്നുള്ള നയംമാറ്റത്തിനു കാരണം ഇതാണ് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും അറുപതുകാരിയായ ശശികല മുഖ്യമന്തിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഇന്നലെ രാജിവെപ്പിച്ചിരുന്നു. ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീലയുടെ പേര് തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ന്നുകേട്ടിരുന്നു.

മുതിര്‍ന്ന പാര്‍ട്ടി നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈയാണു ശശികല മുഖ്യമന്ത്രിയാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍, തനിക്കെതിരേയുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ ശേഷമേ സ്ഥാനമാനങ്ങളെക്കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലായിരുന്നു ശശികല. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സെപ്റ്റംബര്‍ 22മുതല്‍ ശശികല ജയലളിതയ്ക്ക് അരികില്‍ ഉണ്ടായിരുന്നു. ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിതയുടെ അന്ത്യം. ഡിസംബര്‍ 31ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചു.

എന്നാല്‍, തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു ജയലളിതയുടെ വിശ്വസ്തയും സര്‍ക്കാര്‍ ഉപദേഷ്ടാവുമായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണന്റേത്. 2012ല്‍ ചീഫ് സെക്രട്ടറിസ്ഥാനത്തുനിന്നു വിരമിച്ച ഷീലയെ 2014ല്‍സര്‍ക്കാര്‍ ഉപദേഷ്ടാവായി നിയമിച്ചതു ജയലളിതയാണ്. ഷീലയെകൂടാതെ കെ.എന്‍. വെങ്കടരമണന്‍, രാമലിംഗ എന്നീ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം രാജിവയ്പ്പിച്ചതു പനീര്‍ശെല്‍വമായിരുന്നെങ്കിലും തീരുമാനം ശശികലയുടേതാണ്.

പാര്‍ട്ടിയില്‍ നിന്നുയരാനിടയുള്ള വിമത ശബ്ദങ്ങള്‍ ഒതുക്കാനും പാര്‍ട്ടിയിലെ തന്റെ സ്വാധീനം ശക്തിപ്പെടുത്താനുമാണ് പുതിയ പരിഷ്‌കാരങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ, ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരേ പുറത്താക്കപ്പെട്ട എംപി ശശികല പുഷ്പ, മുന്‍എംപി കെ.സി. പളനിസ്വാമി എന്നിവര്‍ നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്നലെ പാര്‍ട്ടിക്കു നോട്ടീസ് അയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.