സ്വന്തം ലേഖകന്‍: മദ്ധ്യപ്രദേശില്‍ രണ്ടാനച്ഛന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് സഹോദരിമാര്‍ രക്ഷപ്പെട്ടത് ചുമരില്‍ എഴുതിയിട്ട്. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍. പിതാവ് നടത്തുന്ന പ്രവര്‍ത്തികളെ കുറിച്ച് പെണ്‍കുട്ടികള്‍ വീടിന്റെ ചുവരില്‍ കുറിച്ചിടുകയായിരുന്നു.
എഴുതാനും വായിക്കാനും അറിയാത്ത സാഹചര്യത്തില്‍ രണ്ടാനച്ഛന് ഇത് മനസ്സിലാക്കാനായില്ല. എന്നാല്‍ വിവരം നേരത്തേ തന്നെ മനസ്സിലാക്കിയ നാട്ടുകാര്‍ ഇയാളെ പിടികൂടി. ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികോദ്ദേശത്തോടു കൂടിയുള്ള സമിപനം, ബലാത്സംഗശ്രമം തുടങ്ങിയ കുറ്റം ചുമത്തിയ ഇയാള്‍ ജയിലാണ്.
ജനുവരി 30 നാണ് കുട്ടികള്‍ തങ്ങള്‍ അഞ്ചു മാസം മുമ്പ് മാതാവ് മരണമടഞ്ഞതിന് പിന്നാലെ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും രണ്ടാനച്ഛന്റെ ചെയ്തികളെ കുറിച്ചും ചുവരിലും കതകിലും കുറിച്ചിട്ടത്. ഇവരുടെ ചുവരെഴുത്ത് നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിക്കുകയും സ്ഥലത്തെ എന്‍ജിഒയെയും ചൈല്‍ഡ്ലൈനേയും അറിയിക്കുകയായിരുന്നു. സ്കൂള്‍ ചലോ അഭിയാന് കീഴില്‍ സ്ഥലത്തെ സര്‍ക്കാര്‍ സ്കൂളില്‍ ആറാം ക്ളാസ്സിലും ഏഴാം ക്ളാസ്സിലുമാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്.
ഒമ്പതു വര്‍ഷം മുമ്പായിരുന്നു ഇവരുടെ മാതാവ് രണ്ടാനച്ഛനെ വിവാഹം കഴിച്ചത്. 2016 ആഗസ്റ്റില്‍ മാതാവ് കാന്‍സര്‍ ബാധിച്ചു മരിക്കുകയും ചെയ്തു. മര്‍ദ്ദിക്കുന്നതിന് പുറമേ മദ്യപിച്ച് എത്തി അനാവശ്യമായി സ്പര്‍ശിക്കുകയും മറ്റും ഇയാള്‍ ചെയ്തിരുന്നു. ”എന്നായാലും ഈ കാര്യമെല്ലാം ആരെങ്കിലും നിങ്ങളോട് ചെയ്യും എന്നാല്‍ പിന്നെ എന്നോടായാലെന്താ” എന്ന് ചോദിച്ചായിരുന്നു ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ എതിര്‍ത്ത് പിടിച്ചു നില്ക്കുമായിരുന്നു.
പിതാവ് മദ്യപിച്ചാണ് വരുന്നതെങ്കില്‍ കുട്ടികള്‍ക്ക് അന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. മൂത്തകുട്ടി ഭയന്നിട്ട് നാലും അഞ്ചും വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ഉറങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ രണ്ടാനച്ഛന് ഈ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചൂരാന്‍ കഴിയുമായിരുന്നില്ല. രണ്ടാനച്ഛന്റെ മാതാവും ഇവര്‍ക്കൊപ്പം ഉണ്ടെങ്കിലും അവര്‍ കുട്ടികളുടെ സഹായത്തിനായുള്ള അപേക്ഷകള്‍ ശ്രദ്ധിച്ചിരുന്നില്ല.
എന്‍ജിഒയില്‍ നിന്നും ആള്ക്കാര് വന്നപ്പോള്‍ പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടാണ് വിവരം പറഞ്ഞത്. രണ്ടാനച്ഛനെ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് മാറ്റി. പെണ്‍കുട്ടികളെ ചൈല്ഡ്ലൈന് കീഴിലുള്ള അഗേരാ ഗ്രാമത്തിലെ ഹോസ്റ്റലില്‍ താമസിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല