സജീഷ് ടോം: യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017-2019 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ദേശീയ ഭരണസമിതി നേതൃത്വം ഏറ്റെടുത്തു. ജനുവരി 28 ശനിയാഴ്ച്ച ബര്‍മിംഗ്ഹാമിലാണ് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്. പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം 2015 2017 പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജി തോമസ് വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതുയോഗം തെരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് കടന്നു. ആറ് ജനറല്‍ സീറ്റുകളിലേയ്ക്കും രണ്ട് വനിതാ സീറ്റുകളിലേക്കുമടക്കം എട്ട് സീറ്റുകളിലേയ്ക്കാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. നോമിനേഷന് നടപടി ക്രമങ്ങള്‍ അവസാനിച്ചപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള ജനറല്‍ സീറ്റില്‍ എതിരില്ലാതെ ഓസ്റ്റിന്‍ അഗസ്റ്റിന് തെരഞ്ഞെടുക്കപ്പെട്ടു. മത്സരം നടന്ന മറ്റ് ഏഴ് സീറ്റുകളിലേയ്ക്കും ഫലം പ്രവചനാതീതമെന്ന നിലയില്‍ പ്രചരണം നടന്നുവെങ്കിലും മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്കിയ പാനല്‍ ഒന്നടങ്കം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ആകെ പോള്‍ ചെയ്ത വോട്ട് 168
വിജയിച്ച സ്ഥാനാര്‍ത്ഥികള്‍, സ്ഥാനം, അസോസിയേഷന്, റീജിയണ്‍, നേടിയ വോട്ട് എന്നിവ ക്രമത്തില്‍
മാമ്മന്‍ ഫിലിപ്പ് (പ്രസിഡന്റ് (സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, മിഡ്ലാന്റ്സ്, 130)
റോജിമോന്‍ വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറി (റിഥം ഹോര്‍ഷം, സൗത്ത് ഈസ്റ്റ്, 109)
അലക്സ് വര്‍ഗ്ഗീസ് ട്രഷറര്‍, (മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്, നോര്‍ത്ത് വെസ്റ്റ്, 117)
സുജു ജോസഫ് വൈസ് പ്രസിഡന്റ് (സാലിസ്ബറി മലയാളി അസോസിയേഷന്, സൗത്ത് വെസ്റ്റ്, 118)
ഡോ. ദീപ ജേക്കബ് വൈസ് പ്രസിഡന്റ് (ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഹള്‍, യോര്‍ക്ക്ഷെയര്‍, 104)
ഓസ്റ്റിന്‍ അഗസ്റ്റിന് ജോയിന്റ് സെക്രട്ടറി (ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്, ഈസ്റ്റ് ആംഗ്ലിയ, എതിരില്ലാതെ വിജയിച്ചു)
സിന്ധു ഉണ്ണി ജോയിന്റ് സെക്രട്ടറി (സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്, നോര്‍ത്ത് വെസ്റ്റ്, 108)
ജയകുമാര്‍ നായര്‍ ജോയിന്റ് ട്രഷറര്‍ (വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്, മിഡ്ലാന്റ്സ്, 119)
പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെട്ട മികവുറ്റ ഭരണസമിതിയാണ് 20172019 പ്രവര്ത്തനവര്ഷത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിജയികളായവരെ താഴെ പരിചയപ്പെടുത്തുന്നു.
പ്രസിഡന്റ്: മാമ്മന്‍ ഫിലിപ്പ്
സ്ക്കൂള് തലം മുതല്‍ നേതൃരംഗത്ത് സജീവമായിരുന്നു മാമ്മന്‍. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്ക്കൂള് ലീഡര്‍, ജില്ലാ ഇന്റര്‍സ്ക്കൂള്‍ ലീഡര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് കൗണ്‍സിലര്‍, കെ.എസ്.യു യൂണിറ്റ് തലം മുതല്‍ ജില്ലാ വൈസ് പ്രസിഡന്റ് വരെ വിവിധസ്ഥാനങ്ങള് എന്നിവ വഹിച്ചിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹി, ഒ.ഐ.സി.സി യു.കെ ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003ല്‍ യു.കെയിലെത്തിയ ശേഷം സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി, യുക്മയുടെ സ്ഥാപക ഓര്‍ഗനൈസിംഗ് സെക്രട്ടറി, അഞ്ചാമത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഫിലിപ്സ് ക്ലെയിംസ് കമ്പനി മാനേജിങ് ഡയറക്ടറാണ് മാമ്മന്‍. പത്തനംതിട്ട കോഴഞ്ചേരി കുന്നേല്‍ കെ.എം. ഫിലിപ്പിന്റെയും അന്നമ്മയുടേയും മകനാണ്. ഭാര്യ: റാണി. റബേക്ക ആന്‍, ആദം ഫിലിപ്പ്, ഡേവിഡ് ഫിലിപ്പ് എന്നിവര്‍ മക്കളാണ്.
ജനറല്‍ സെക്രട്ടറി: റോജിമോന്‍ വറുഗ്ഗീസ്
കോട്ടയം നാട്ടകം ഗവ. കോളേജ് പ്രീഡിഗ്രി, ബാംഗ്ലൂര്‍ ശേഖര്‍ കോളേജില്‍ നിന്നും നഴ്സിംഗ് പൂര്‍ത്തീകരിച്ച് 2005ല്‍ യു.കെയിലെത്തിയ റോജിമോന്‍ ഹോര്‍ഷം റിഥം അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ട്രഷറര്‍, പ്രസിഡന്റ്, സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രൈം കെയര്‍ നഴ്സിംഗ് ഏജന്‍സി മാനേജിങ് ഡയറക്ടറായ റോജിമോന്‍ കോട്ടയം അമയന്നൂര്‍ പാലൂത്താനം വറുഗീസ് പി.കെ.യുടേയും അന്നമ്മയുടേയും മകനാണ്. ഭാര്യ: നിമിഷ. മക്കള്‍: ആഷ്വിന്, ആര്‍ച്ചി.
ട്രഷറര്‍ : അലക്സ് വര്‍ഗ്ഗീസ്
യു.കെയിലെ മലയാളി സംഘടനാ രംഗത്തും യുക്മയിലും ഏറ്റവുമധികം പരിചയസമ്പന്നനായ വ്യക്തിയാണ് അലക്സ് വര്‍ഗ്ഗീസ്. മാഞ്ചസ്റ്റര്‍ എം.എം.സി.എയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്.സി. ചര്‍ച്ച് ട്രസ്റ്റി എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുക്മയുടെ രണ്ട്, മൂന്ന്, നാല് ദേശീയ ഭരണസമിതികളില്‍ യഥാക്രമം ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍,നാഷണല്‍ കമ്മറ്റി അംഗം, പി.ആര്.ഒ. എന്നീ സ്ഥാനങ്ങളും വഹിച്ചു.
എറണാകുളം ആമ്പലൂര്‍ ചെറുവള്ളില്‍ പരേതനായ സി.സി. വര്‍ഗ്ഗീസ് കൊച്ചുത്രേ്യസ്യ ദമ്പതികളുടെ മകനാണ്. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്ക്കൂള് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിട്ടാണ് പൊതുരംഗത്ത് സജീവമാകുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും കളമശ്ശേരി എച്ച്.എം.ടിയില്‍ നിന്നും മെക്കാനിക്കല്‍ ഡിപ്ലോമയും നേടിയ ശേഷം കേരളാ പോലീസില്‍ ചേര്‍ന്നു. പോലീസ് അസോസിയേഷന് ജില്ലാ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: ബെറ്റിമോള്‍ സൗത്ത് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. മക്കള്‍: അനേഖ, അഭിഷേക്, ഏഡ്രിയേല്‍.
വൈസ് പ്രസിഡന്റ് : സുജു ജോസഫ്
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, പന്തളം ഗവ. പോളിടെക്നിക്ക് എന്നിവിടങ്ങളിലെ പഠനകാലത്ത് എസ്.എഫ്.ഐ നേതൃരംഗത്ത് സജീവമായുണ്ടായിരുന്ന സുജു, എട്ട് വര്‍ഷത്തോളം ദുബായിലെ പ്രവാസജീവിതകാലത്ത്, പ്രമുഖ ഇടതുപക്ഷ സംഘടനയായ ‘ദല’യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 2005ല്‍ യു.കെയിലെത്തിയ ശേഷം ഇടതുപക്ഷ പ്രസ്ഥാനമായ ചേതനയു.കെ.യുടെ നേതൃരംഗത്തും സജീവമായിട്ടുണ്ട്. ചേതന വൈസ് പ്രസിഡന്റ്, സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, യുക്മ സൗത്ത് ഈസ്റ്റ്സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ് പ്രസിഡന്, സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ടി.എസ് ജോസഫ് ഹെലന് എന്നിവരുടെ മകനാണ്. ഭാര്യ: മേരി, മക്കള്‍: ലെന, സാന്ദ്ര.
വൈസ് പ്രസിഡന്റ് : ഡോക്ടര്‍ ദീപ ജേക്കബ്
യുക്മ നേതൃനിരയില്‍ പുതുമുഖമാണ് ഡോ.ദീപ. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. നേടിയ ശേഷം യു.കെ.യിലെത്തി ഗൈനക്കോളജിയിലും പാത്തോളജിയിലും ട്രെയിനിംഗ് നേടി. എഫ്.ആര്.സി. പാത്ത് പരീക്ഷ പാസ്സായ ശേഷം ലീഡ്സ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഫാമിലി പ്ലാനിംഗ്, ഗൈനക്കോളജി എന്നിവയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. യൂറോപ്യന്‍ പാത്തോളജി കോണ്ഫ്രന്സില് ട്രയിനി ക്വിസില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2015 സ്വിറ്റ്സര്‍ലന്റ് ‘കേളി’ കലാമേളയില്‍ ഫോട്ടോഗ്രാഫിയില്‍ സമ്മാനവും സ്വന്തമാക്കി. മൂവാറ്റുപുഴ വാളകം വരിക്ലായില്‍ ഡോ. ജോജി കുര്യാക്കോസിന്റെ ഭാര്യയാണ്. മകള്‍: ഈവ മരിയ കുര്യാക്കോസ്.
ജോയിന്റ് സെക്രട്ടറി: ഓസ്റ്റിന്‍ അഗസ്റ്റിന്
ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ സെക്രട്ടറി, സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് യുക്മ ദേശീയ നേതൃനിരയിലേയ്ക്ക് ഓസ്റ്റിന്‍ കടന്നു വരുന്നത്. കളമശ്ശേരി സെന്റ് പോള്‍സില്‍ നിന്നും പ്രീഡിഗ്രി, ബാംഗ്ലൂര്‍ എംവി.ജെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് നേടിയ ഓസ്റ്റിന്‍ ലണ്ടനില്‍ പാനാസോണിക് കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്. ആലുവ മേനാച്ചേരില്‍ അഗസ്റ്റിന് ജേക്കബ് ത്രേ്യസ്യാമ്മ ദമ്പതികളുടെ മകനാണ്. സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ മേട്രനായ ദീപയാണ് ഭാര്യ. മക്കള്‍: ഫീലിക്സ്, ഫെലിസ്റ്റ.
ജോയിന്റ് സെക്രട്ടറി: സിന്ധു ഉണ്ണി
യുക്മ നേതൃരംഗത്ത് പുതുമുഖമാണങ്കിലും യു.കെയിലെ മലയാളി സംഘടനാ നേതൃരംഗത്ത് ശ്രദ്ധേയയായ വനിതകളിലൊരാളാണ് സിന്ധു. സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ നിന്നും പ്രീഡിഗ്രി, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ബി.എസ്.സി. നഴ്സിംഗ് എന്നിവ പൂര്‍ത്തീകരിച്ചതിനു ശേഷം ബാംഗ്ലൂര്‍ നിംഹാന്‍സില്‍ ജോലി ചെയ്തതിനു ശേഷമാണ് 2003ല്‍ യു.കെയിലെത്തുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നതിനൊപ്പം സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി. നഴ്സിങ് പൂര്‍ത്തിയാക്കി വരുന്നു. കോട്ടയം കുറവിലങ്ങാട് പൗര്‍ണ്ണമിയില്‍ സുനില്‍ ഉണ്ണിയാണ് ഭര്‍ത്താവ്. മക്കള്‍: ഗോകുല്‍ ഉണ്ണി, അരുണ്‍ ഉണ്ണി.
ജോയിന്റ് ട്രഷറര്‍ : ജയകുമാര്‍ നായര്‍
സ്ക്കൂള് തലം മുതല്‍ പൊതുരംഗത്ത് സജീവമായ ജയകുമാര്‍ നായര്‍ പത്തനംതിട്ട റാന്നി വെച്ചൂച്ചിറ ഗവ. സ്കൂള്‍, റാന്നി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ കെ.എസ്.യു. നേതൃരംഗത്ത് സജീവമായിരുന്നു. കെ.എസ്.യു. റാന്നി താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി.എ. എക്കണോമിക്സിനു ശേഷം ബാംഗ്ലൂര്‍ സര്‍വോദയ നഴ്സിംഗ് സ്ക്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി യു.കെ.യിലെത്തി. റോയല്‍ വോള്‍വര്‍ഹാംപ്ടണ്‍ ട്രസ്റ്റിനു കീഴിലുള്ള ന്യൂ ക്രോസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്നു. വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ്, റാന്നി മലയാളി കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ്, നായര്‍ സര്‍വീസ് സൊസൈറ്റി മിഡ്ലാന്റ്സ് മേഖലാ കണ്‍വീനര്‍, യുക്മ നഴ്സസ് ഫോറം ജോയിന്റ് സെക്രട്ടറി, യുക്മ മിഡ്ലാന്റ്സ് റീജണല്‍ ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍, റീജണല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീജ. മക്കള്‍: ആനദ്, ആദിത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല