സ്വന്തം ലേഖകന്‍: ഇന്ത്യാ പാക് പ്രശ്‌നത്തിന്റെ കാതല്‍ കശ്മീര്‍, ഇന്ത്യ കശ്മീരില്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനം, ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീരാണെന്ന് പറഞ്ഞ പാക്ക് പ്രധാനമന്ത്രി കശ്മീര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ മേഖലയില്‍ സമാധാനവും ക്ഷേമവും വരില്ലെന്ന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ഒട്ടേറെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലൂടെ ഉറപ്പുനല്‍കിയ സ്വാതന്ത്ര്യം കശ്മീരികള്‍ക്കു നല്‍കാന്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ലെന്നും ഷെരീഫ് പറഞ്ഞു. കശ്മീരി സോളിഡാരിറ്റി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സേന കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് രാജ്യന്തര സമൂഹം ശബ്ദമുയര്‍ത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീരിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഷെരീഫ് തുറന്നടിച്ചു.
കശ്മീരി സഹോദരങ്ങള്‍ക്കായി പാക് ജനത ഒരുമിച്ച് നിലകൊള്ളുമെന്നും, അവിടുത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷേധിക്കരുതെന്നും ഷെരീഫ് അഭിപ്രായപ്പെട്ടു. യു എന്‍ ഉള്‍പ്പെടെയുള്ള സംഘടനകളിലും അന്താരാഷ്ട്ര തലത്തിലും കശ്മീരിനു വേണ്ടി വാദിക്കുവാനാണ് കശ്മീര്‍ ശ്രമിക്കുന്നത്.
70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീര്‍പ്പാക്കിയ പ്രശ്‌നങ്ങള്‍ നിലകൊള്ളുന്നത് ജനങ്ങളില്‍ അസ്വാരസ്യത്തിന് ഇടയാക്കുന്നുണ്ട്.കശ്മീര്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് സോളിഡാരിറ്റി ദിനം പാക്കിസ്ഥാന്‍ ആചരിക്കുന്നതെന്നും പാക്ക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല