സ്വന്തം ലേഖകന്‍: പ്രക്ഷോഭം ഫലം കണ്ടു, അഴിമതിക്കാരെ സംരക്ഷിക്കുന്ന വിവാദ നിയമം റൊമാനിയന്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നു. വിവാദമായ അഴിമതി വിരുദ്ധ നിയമത്തില്‍ ഇളവു വരുത്താനുള്ള ഉത്തരവില്‍നിന്ന് പിന്‍വാങ്ങാന്‍ റൊമേനിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന അടിയന്തര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ലക്ഷക്കണക്കിന് ജനങ്ങളാണ് വിവാദ ഉത്തരവിനെതിരേ തെരുവുകളില്‍ പ്രക്ഷോഭം നടത്തിയത്.
രാജ്യം ഭിന്നിക്കാതിരിക്കാനാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി സോറിന്‍ ഗ്രിന്‍ഡെനോ പറഞ്ഞു. സര്‍ക്കാര്‍ രാജിവയ്ക്കുകയോ തീരുമാനം റദ്ദാക്കുകയോ ചെയ്യണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നത്. ഈ മാസം 10 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചത്. ഉത്തരവുപ്രകാരം അഴിമതി നടത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ഉത്തരവ് പിന്‍വലിച്ചതോടെ അഴിമതിക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തടസമുണ്ടാകില്ല.
ഇതിനെതിരെ അഞ്ചു ദിവസമായി രാജ്യത്ത് തുടരുന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് വിവാദ ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിക്കെതിരെയുള്ള യുദ്ധത്തിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് പ്രധാനമന്ത്രി സൊറിന്‍ ഗ്രിന്‍ഡിനോ പറഞ്ഞു.
അധികാര ദുര്‍വിനിയോഗം, പ്രവൃത്തിയിലെ അശ്രദ്ധ, താല്‍പര്യങ്ങളിലെ വൈരുധ്യം തുടങ്ങിയ കുറ്റങ്ങളില്‍ 44,000 യൂറോയില്‍ കുറവാണ് സാമ്പത്തിക നഷ്ടമെങ്കില്‍ കേസെടുക്കില്ലെന്നായിരുന്നു നിയമത്തിലെ വ്യവസ്ഥ. ജയിലിലെ തടവുകാരുടെ എണ്ണം കുറക്കാനും ഭരണഘടനയില്‍ പുതിയ നിയമങ്ങള്‍ ഉള്‍പ്പെടുത്താനുമാണ് പുതിയ ഉത്തരവ് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍, അഴിമതിക്കേസുകളില്‍ കുടുങ്ങിയ മന്ത്രിമാരെ രക്ഷപ്പെടുത്താനുള്ള വഴിയാണിതെന്നാണ് ജനങ്ങള്‍ ആരോപിച്ചു. അഴിമതിക്ക് എതിരെയുള്ള നീക്കങ്ങള്‍ തടസ്സപ്പെടുത്തിയതിന് ഇ.യു റുമേനിയക്ക് താക്കീത് നല്‍കിയിട്ടുണ്ട്. 1989 ലെ കമ്മ്യൂണിസ്റ്റ് പതനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് തുടര്‍ന്നു റൊമാനിയയില്‍ നടന്നത്. ഇടതുപക്ഷ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി.എസ്.ഡി) യുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല