സ്വന്തം ലേഖകന്‍: തന്റെ വ്യക്തി സ്വാതന്ത്ര്യം തിരിച്ചുവേണമെന്ന ആവശ്യവുമായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് അസാന്‍ജ് ബ്രിട്ടനോടും സ്വീഡനോടും ആവശ്യപ്പെട്ടു. നാലു വര്‍ഷമായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ‘സ്വതന്ത്ര’നാക്കണമെന്ന് കഴിഞ്ഞ വര്‍ഷം യു.എന്‍ അന്വേഷണ സംഘം ബ്രിട്ടനോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഒരു വര്‍ഷമായിട്ടും നടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം അധികാരികളോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. യു.എന്‍ സമിതിയെ അംഗീകരിക്കുന്ന ഇരു രാജ്യങ്ങളും അവരുടെ നിര്‍ദേശം നടപ്പാക്കാന്‍ തയാറാകാത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലു വര്‍ഷത്തിലേറെയായി ലണ്ടനിലെ ഇക്വഡോര്‍ എംബിസിയില്‍ താമസിക്കുന്ന അസാന്‍ജ് യുഎസ് ചാരന്മാരാല് വധിക്കപ്പെടുമെന്ന ഭീതിയിലാണ് സ്വാതന്ത്ര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പോലീസിനെ പേടിച്ച് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ പുറത്തിറങ്ങിയാല്‍ പിടികൂടാന്‍ സ്കോട്ലന്ഡ് യാര്‍ഡ് കാത്തുനില്‍പ്പാണ്. ലൈംഗികാരോപണക്കേസില്‍ വിചാരണയ്ക്കായി അസാന്‍ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. സ്വീഡനിലെത്തിയാല്‍ സ്വീഡന് തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നാണ് അസാന്‍ജിന്റെ ഭീതി. അമേരിക്കയ്ക്ക് ഹാനികരമായ നിരവധി രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനകം മൊത്തം ഒരു കോടി രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തിയിട്ടുണ്ടെന്നാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല