1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2017

സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധത, യുഎസ് പ്രസിഡന്റ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉണ്ടാകില്ല. ട്രംപിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് വ്യക്തമാക്കി.

പൊതുസഭയില്‍ ഒരു പോയിന്റ് ഓഫ് ഓര്‍ഡറിനു മറുപടി നല്‍കവേയാണ് പാര്‍ലമെന്റിന്റെ റോയല്‍ ഗാലറിയിലേക്കുള്ള ട്രംപിന്റെ പ്രവേശനം തടയാന്‍ തന്നാലാകുന്നതെല്ലാം ചെയ്യുമെന്ന് സ്പീക്കര്‍ മറുപടി നല്‍കിയത്. വംശീയത, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതാണെന്നും ഇവയെല്ലാം കണക്കിലെടുത്താകും ഏതൊരു രാഷ്ട്രത്തലവനും ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം നല്‍കുന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു.

കുടിയേറ്റത്തിന് വിലക്കും ഏഴു രാജ്യങ്ങള്‍ക്ക് വീസ നിരോധനവും ഏര്‍പ്പെടുത്തിയത് ട്രംപിനോടുള്ള തന്റെ എതിര്‍പ്പ് വര്‍ധിപ്പിക്കുന്നുണ്ടെന്നും സ്പീക്കര്‍ തുറന്നടിച്ചു. ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ലോക വ്യാപകമായി പ്രതിഷേധങ്ങളും വിമര്‍നങ്ങളും ശക്തമാകുന്നതിടെയാണ് ബ്രിട്ടീഷ് സ്പീക്കര്‍ രംഗത്തെത്തിയത്. സ്പീക്കറുടെ നിലപാടിനെ പ്രതിപക്ഷ പാര്‍ട്ടിയായ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി സ്വാഗതം ചെയ്തു.

രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ ഏഴ് മുസ്!ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് സന്ദര്‍ശനത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയായിരുന്നു.

ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും ആയിട്ടില്ലെങ്കിലും ഈവര്‍ഷം വേനല്‍ക്കാലത്ത് സന്ദര്‍ശനം ഉണ്ടായേക്കുമെന്നാണ് സൂചന. ബ്രിട്ടന്‍ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റുമാര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുക പതിവാണ്. ഈ പതിവാണ് ട്രംപിന്റെ കാര്യത്തില്‍ ഒഴിവാക്കുമെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

20 ലക്ഷത്തോളം ആളുകളാണ് ട്രംപിന്റെ സന്ദര്‍ശനം തടയണമെന്ന പരാതിയില്‍ ഒപ്പിട്ടിരിക്കുകയാണ്. ഇതിനെ അനുകൂലിച്ച ഒരു ലക്ഷം ആളുകളാണ് പാരതി സമര്‍പ്പിച്ചിരിക്കുന്നത്. ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കണമെന്നും സന്ദര്‍ശനം അനുവദിക്കണമെന്നുമായി രണ്ട് പരാതികള്‍ ഈ മാസം തന്നെ ചര്‍ച്ചചെയ്യാന്‍ ഇരിക്കവെയാണ് സ്പീക്കര്‍ നയം വ്യക്തമാക്കിയത്.

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ട്രംപിന് അനുമതി നല്‍കില്ലെന്നു സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് നിലപാടെടുത്തത് ട്രംപിനെ ക്ഷണിച്ച തെരേസ മേയെയും വെട്ടിലാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.