സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ആപ്പിളും ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, കുടിയേറ്റ നിരോധനം ചോദ്യം ചെയ്ത് ഹര്‍ജി നല്കി ഇന്റര്‍നെറ്റ് ഭീമന്മാര്. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ നിരോധനം ഏര്പ്പെടുത്തിഉഅ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെതിരേ ആപ്പിള്‍, ഫേസ്ബുക്ക്, യുബര്‍, എയര്‍ബബ്, ഗൂഗിള്‍ എന്നിവരടക്കം 97 സ്ഥാപനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയില്‍ തങ്ങളുടെ ബിസിനസ് സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ പ്രസിഡന്റിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വിധിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. യുഎസ് സമ്പദ്വ്യവസ്ഥയില് കുടിയേറ്റക്കാര്‍ നല്കുന്ന സംഭാവനകള്‍ ഇവര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റേതായി പറയുന്ന പല കണ്ടു പിടുത്തങ്ങള്‍ക്ക് പിന്നിലും കുടിയേറ്റക്കാരുടെ വിലപ്പെട്ട സംഭാവന ഉണ്ടായിരുന്നു, ഇതിന് പുറമേ രാജ്യത്തെ ഏറ്റവും നവീനവും ശ്രദ്ധേയവുമായ പല കമ്പനികളുടെ സൃഷ്ടികള്‍ക്ക് പിന്നിലും ഇവരുണ്ടെന്നും ഹര്‍ജി ഓര്‍മ്മിപ്പിക്കുന്നു.
ഉപദ്രവകാരികളില്‍ നിന്നും തങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിന് ദീര്‍ഘകാലമായി പരിഗണന നല്കുന്ന രാജ്യമാണ് അമേരിക്ക. പക്ഷേ ഇതെല്ലാം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന കാര്യത്തിലുള്ള അടിസ്ഥാനപരമായ പ്രതിജ്ഞാബദ്ധതയും കാട്ടിയിരുന്നു.
ഇത്തരത്തിലുള്ള ഒരു പശ്ചാത്തലവും പരിശോധിക്കാതെയാണ് രാജ്യത്തേക്ക് വരുന്നവര്‍ക്ക് മറ്റു തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഹര്‍ജിയില്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ബിസിനസിനെയും സമ്പദ് വ്യവസ്ഥയെയും ഉപദ്രവിക്കുന്ന നടപടിയാണ് ഇതെന്നും കൂട്ടായ്മ പറഞ്ഞു. മികച്ച 500 കമ്പനികളുടെ പട്ടികയില്‍ 200 എണ്ണവും ഉണ്ടാക്കിയത് കുടിയേറ്റക്കാരും അവരുടെ കുട്ടികളുമാണെന്ന കാര്യവും മറക്കരുതെന്ന് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ടെസ്ളാ, സ്റ്റാര്‍ബക്ക്സ്, എയര്‍ബബ്, ഉബര്‍ എന്നിവരെല്ലാം കുടിയേറ്റ നിരോധനത്തെ ശക്തമായി എതിര്‍ക്കുകയാണ്. കുടിയേറ്റ നിയന്ത്രണം വരുന്നതോടെ 13 കോടി ഡോളര്‍ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 പേരെ പുതിയതായി ജോലിക്കെടുക്കാനാണ് സ്റ്റാര്‍ബക്സിന്റെ പരിപാടി.
കുടിയേറ്റ പ്രശ്നത്തില്‍ കുടുങ്ങിയാല്‍ അവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കുമെന്നും എയര്‍ബബ് പ്രസ്താവിച്ചിട്ടുണ്ട്.ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.
ഈ ഉത്തരവ് ഇതിനകം രണ്ടു കോടതികള്‍ സ്റ്റേ ചെയ്തതിന് പിന്നാലെയാണ് വന്‍കിട കമ്പനികള്‍ സംയുക്തമായി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. നേരത്തേ ഒരു അപ്പീല്‍ കോടതി നിരോധനം തള്ളിയതിന് പിന്നാലെ രാജ്യവ്യാപകമായി നിരോധനം കൊണ്ടുവരാനുള്ള നീക്കം സീറ്റില്‍ കോടതിയും തടഞ്ഞത് ട്രംപിന് വന്‍ തിരിച്ചടിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല