സ്വന്തം ലേഖകന്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ അമേരിക്ക, പറ്റില്ലെന്ന് ചൈന. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിഛ്കടി നല്‍കിക്കൊണ്ട് യുഎന്നില്‍ ചൈന ഇടപെട്ടു.
യു.എന്‍ രക്ഷാസമിതിയിലെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുടെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ ചൈന എതിര്‍ത്തു, അതോടെ അമേരിക്കയുടെ നീക്കം തകരുകയും ചെയ്തു. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും അതിന്റെ അംഗങ്ങള്‍ക്ക് ആഗോള വിലക്ക് ഏര്‍പ്പെടുത്തണം എന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.
എന്നാല്‍ രക്ഷാസമിതിയിലെ അംഗമായ ചൈന യു.എസിന്റെ നിര്‍ദേശം മരവിപ്പിക്കണമെന്ന് നിലപാടെടുത്തു. രക്ഷാസമിതിയിലെ എതെങ്കിലും നിര്‍ദ്ദേശം സ്വീകരിക്കണോ വിലക്കണോ മരവിപ്പിച്ചു നിര്‍ത്തണോ എന്ന് രക്ഷാസമിതി അംഗങ്ങള്‍ക്ക് വ്യക്തമാക്കാനുള്ള 10 ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
ഒരിക്കല്‍ ‘വീറ്റോ’ ചെയ്യപ്പെട്ട പ്രമേയം ആറു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കാമെന്നാണു വ്യവസ്ഥ. ഈ കാലാവധിക്കു ശേഷം പരിഗണനയ്ക്കു വന്നപ്പോഴും തടസ്സം തുടര്‍ന്നാല്‍ വീണ്ടും മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം പരിഗണിക്കും. അപ്പോഴും ചൈന നിലപാട് ആവര്‍ത്തിച്ചാല്‍ പുതിയ പ്രമേയം കൊണ്ടുവരേണ്ടിവരും.
പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ജെയ്ഷെ മുഹമ്മദിനെ നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അന്നും യു.എന്നില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടയിട്ടത് ചൈനയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല