സ്വന്തം ലേഖകന്‍: ബോര്‍ഡിങ് പാസ് ചില്ലറക്കാരനല്ല, ബോര്‍ഡിംഗ് പാസ് അലക്ഷ്യമായി കളയുന്നവര്‍ അറിയാന്‍. വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സില്‍ യാത്രക്കാരനെ കുറിച്ചും ഫ്‌ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്യധികം സുരക്ഷാ പ്രാധാന്യം ഉള്ളതാണ്.
ഈ പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിന് ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ.എന്നാല്‍, യാത്ര കഴിഞ്ഞാല്‍ ഈ പാസ് അലക്ഷ്യമായി ഉപേക്ഷിക്കാറാണ് മിക്ക യാത്രക്കാരുടേയും പതിവ്. യാത്ര കഴിഞ്ഞാല്‍ വിലയില്ലാതായി മാറുന്ന ബോര്‍ഡിംഗ് പാസ്സില്‍ യാത്രക്കാരെ സംബന്ധിച്ച വിലപെട്ട പല രേഖകളും ഉണ്ടെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. അതുപോലെ തന്നെ വിമാനയാത്രയ്ക്ക് മുന്‍പ് മിക്കവരുടെയും ശീലമാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ബോര്‍ഡിംഗ് പാസ്സിന്റെ ചിത്രം ഫേസ്ബുക്കിലോ മറ്റു സാമൂഹിക മാധ്യമങ്ങളിലോ പോസ്റ്റ് ചെയ്യുന്നത്.
എന്നാല്‍ ബോര്‍ഡിംഗ് പാസ് അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ഒപ്പം കളയുന്നത് സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. നമ്മള്‍ ഉപയോഗിച്ച ബോര്‍ഡിംഗ് പാസ്സിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ലളിതമായ ആപ്ലിക്കേഷന്‍ മിക്ക മൊബൈലുകളിലും ഇന്ന് ലഭ്യമാണ്.
ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിദഗ്ദനായ ഒരാള്‍ക്ക് നിങ്ങളുടെ ഹോം അഡ്രസ്സ്, പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്, നിങ്ങളുടെ യാത്രാവിവരങ്ങള്‍ തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് വരെ കണ്ടുപിടിക്കാന്‍ സാധിക്കും എന്ന് ഉദാഹരണ സഹിതം വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല