സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ തുര്‍ക്കിയും അമേരിക്കയും ഒരുമിച്ചു പോരാടും, ട്രംപും ഉര്‍ദുഗാനും കൈ കൊടുക്കുന്നു. പ്രസിഡന്റായശേഷം ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതിന്റെ ഭാഗമായി സി.ഐ.എ.യുടെ മേധാവി മൈക്ക് പോംപിയോ ഈ ആഴ്ച തുര്‍ക്കി സന്ദര്‍ശിക്കും.
ഐ.എസ്. ശക്തികേന്ദ്രങ്ങളായ റാഖയും അല്‍ ബാബും തിരിച്ചുപിടിക്കാനായി തുര്‍ക്കി നടത്തുന്ന പോരാട്ടത്തില്‍ അമേരിക്ക സഹകരിക്കും. 2016 ജൂലായില്‍ തുര്ക്കിയില്നടന്ന അട്ടിമറിശ്രമത്തിന്റെ സൂത്രധാരനെന്നാരോപിക്കുന്ന അമേരിക്കയിലുള്ള മതപ്രഭാഷകന് ഫെത്തുള്ള ഗുലനെതിരേയുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കണമെന്ന് ഉര്ദുഗാന് ട്രംപിനോട് ആവശ്യപ്പെട്ടു.
ട്രംപും എര്‍ദോഗനും തമ്മില്‍ നടത്തിയ സുദീര്‍ഘ ടെലിഫോണ്‍ സംഭാഷണം പ്രധാനമായും ഭീകരതയ്ക്കെതിരായ നിലപാടുകളെ സംബന്ധിച്ചായിരുന്നു എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് ആദ്യമായാണ് തുര്‍ക്കിയുമായി ചര്‍ച്ച നടത്തുന്നത്.
തീവ്ര ഇസ്ലാമിക് വിരുദ്ധ നിലപാടുള്ള ട്രംപ് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ക്കെതിരെ കടുത്ത നീക്കത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചര്‍ച്ച. എന്നാല്‍ ഭീകരവാദ സംഘടനകള്‍ക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മാത്രമാണ് വൈറ്റ് ഹൗസ് പുറത്തുവിടുന്ന വിവരം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാകുമെന്നും വൈറ്റ് ഹൗസ് വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല