സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്, അംഗലാ മെര്‍കലിന് എതിരാളി മാര്ട്ടിന് ഷൂള്‍സ്, മെര്‍കലിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലങ്ങള്‍. സെപ്റ്റംബറില്‍ ജര്‍മന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരെ മാര്ട്ടിന് ഷൂള്‍സിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റാണ് ഷൂള്‍സ്.
സൗമ്യനും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ശൈലിയുമുള്ള, യൂറോപ്യന്‍ യൂണിയനില്‍ അനിഷേധ്യനായി മാറിയ ഷൂള്‍സ് തെരഞ്ഞെടുപ്പില്‍ മെര്‍കലിന് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. സര്‍വേകളില്‍, ഇതാദ്യമായി സോഷ്യലിസ്റ്റുകള്‍ 30 ശതമാനം ജനസമ്മതി നേടിയെടുത്തിട്ടുണ്ട്.
ഈ നില തുടരുകയാണെങ്കില്‍ സോഷ്യലിസ്റ്റുകള്‍ ഗ്രീന്‍ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് ഇടതുപക്ഷ ഭരണം അധികാരത്തില്‍ വരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. യൂണിയന് വന്‍ നഷ്ടമാണ് ഷൂള്‍സിന്റെ ജര്‍മന്‍ രാഷ്ട്രീയത്തിലേക്കുള്ള മടക്കമെന്ന് ഇ.യു ഭരണസമിതി അഭിപ്രായപ്പെട്ടു.
ജര്‍മ്മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ നിലവിലെ ചാന്‍സലറും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ മെര്‍കലിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നതായാണ് സൂചന. മാര്ട്ടിന് ഷൂള്‍സിനെ ഉയര്‍ത്തിക്കൊണ്ടുവന്ന സോഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ഫലം കണ്ടു തുടങ്ങിയതാണ് ഈ ഫലങ്ങള്‍ നല്കുന്ന സൂചന.
ഇന്‍സയും ബില്‍ഡും ചേര്‍ന്നു നടത്തിയ സര്‍വേയില്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്സോഷ്യല് ഡെമോക്രാറ്റിക് യൂണിയന് സഖ്യത്തെക്കാള്‍ ഒരു ശതമാനത്തിന്റെ മുന്‍തൂക്കമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളത്. സിഡിയുവിന്റെ ജനപിന്തുണ 30 ശതമാനമാണെങ്കില്‍ എസ്.പി.ഡിക്ക് 31 ശതമാനത്തിന്റെ പിന്തുണയാണ് അഭിപ്രായ സര്‍വേകളിലുള്ളത്.
എസ്.പി.ഡിയുടെ ജനപിന്തുണ നാല് ശതമാനം വര്‍ധിച്ചപ്പോള്‍ സി.ഡി.യു സഖ്യത്തിന്റെ ജനപ്രീതിക്ക് മൂന്ന് ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് ഉണ്ടായിരിക്കുന്നത്. ഇതുവരെയുള്ള അഭിപ്രായ സര്‍വ്വേകളില്‍ ആദ്യമായാണ് എസ്.പി.ഡിയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. മെര്‍കലിന്റെ പാര്‍ട്ടിയുടെ ജനപിന്തുണ ആകട്ടെ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമാണ്. സെപ്റ്റംബര്‍ 24 നാണ് ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല