1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2017

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തിരിച്ചടിയായി മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി, ഗള്‍ഫ് യാത്ര ചെലവേറിയതാകും. കഴിഞ്ഞ വര്‍ഷം 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം ഇത് 5,500 ആയി വര്‍ധിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ നിരക്ക് പ്രകാരം 5,000 രൂപയായി. നേരത്തേ, ഇത് 4,000 രൂപയായിരുന്നു. കുറഞ്ഞത് 1,000 രൂപയുടെ വര്‍ധനയാണ് ഒരു മാനദണ്ഡവുമില്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നത്.

വിവിധ ഗള്‍ഫ് നാടുകളിലേക്ക് ആദ്യമായി പോകുന്നവര്‍ക്കും പുതിയ വിസയില്‍ വീണ്ടും ജോലിക്ക് പോകുന്നവര്‍ക്കുമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത്. ഇതിനായി സംസ്ഥാനത്ത് ഗാംകയുടെ (ജി.സി.സി അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേര്‍സ് അസോസിയേഷന്‍) ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

നേരത്തേ, അംഗീകാരമുള്ള ഏത് ആശുപത്രിയില്‍നിന്നും ഗള്‍ഫിലേക്കുള്ള മെഡിക്കല്‍ പരിശോധന നടത്താമായിരുന്നു. ഇപ്പോള്‍ ഗാംകയില്‍നിന്ന് നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ മാത്രമേ പരിശോധന നടത്താന്‍ സാധിക്കൂ. ചില ആശുപത്രികളില്‍നിന്ന് പരിശോധനക്ക് എത്തുന്നവരില്‍നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായും പരാതികളുണ്ട്. പരിശോധനയില്‍ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുക ഈടാക്കുന്നത്.

യാത്രയെ ബാധിക്കുമെന്നതിനാല്‍ പരാതിയുമായി രംഗത്തുവരാന്‍ ആരും തയാറാകാറില്ല. കോഴിക്കോട്, എറണാകുളം, മഞ്ചേരി, തിരൂര്‍, തലക്കടത്തൂര്‍ എന്നീ അഞ്ചിടങ്ങളില്‍ മാത്രമാണ് ഗാംകയുടെ ഓഫിസുകള്‍ ഉള്ളത്. ഇവിടങ്ങളിലെ സേവനത്തിനെതിരെ പരാതി പ്രളയമാണുതാനും. ഫീ വര്‍ധിപ്പിക്കുന്നത് എംബസിയാണെന്ന നിലപാടിലാണ് ഗാംക അധികൃതര്‍.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ചുരുങ്ങിയ ചിലവില്‍ നടന്നിരുന്ന മെഡിക്കല്‍ പരിശോധനാണ് സാധാരണക്കാരന് താങ്ങാവുന്നതില്‍ അപ്പുറമായത് അധികാരികള്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.