സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് പദവിയുടെ ഭാരം ഇറക്കിവച്ച ഒബാമ എവിടെ? കരീബിയന്‍ ദ്വീപില്‍ അടിച്ചുപൊളിച്ച് ഒബാമയും കുടുംബവും, ചിത്രങ്ങള്‍ വൈറല്‍. വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയെങ്കിലും ലോക മാധ്യമങ്ങള്‍ക്ക് ഒബാമയും കുടുംബവും എന്നും ചൂടന്‍ വിഷയം തന്നെ. ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം വിവാദങ്ങള്‍കൊണ്ട് തിളച്ചു മറിയുന്ന അമേരിക്ക വിട്ട ഒബാമ, ഇപ്പോള്‍ അവധിക്കാല ആഘോഷത്തിലാണ്.
കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്ങില്‍ ഗോള്‍ഫും ഡെസേര്‍ട്ട് എയറുമായി ഏതാനും ആഴ്ചകള്‍ ചിലവിട്ട മുന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഇപ്പോഴുള്ളത് കരീബിയന്‍ ദ്വീപായ വിര്‍ജിന്‍ ദ്വീപിലാണ്. പ്രമുഖ വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഈ സ്വകാര്യ ഭൂമിയിലെ ഒബാമയുടെ അടിച്ചുപൊളി ജീവിതം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ഫിങ്ങിന് സമ്മതിച്ചിരുന്നില്ല എന്ന് ഒബാമ ബ്രാന്സണോട് മനസുതുറന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിന് ഏതാനും നാളുകള്‍ക്കുമുമ്പ് ഹവായ് ബീച്ചില്‍ നടത്തിയ സര്‍ഫിങ്ങിനെ കുറിച്ചുള്ള ഓര്മ അദ്ദേഹം പങ്കുവക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് എട്ടു വര്‍ഷത്തോളം തന്റെ പ്രിയപ്പെട്ട ജലവിനോദങ്ങളോടെല്ലാം ഒബാമയ്ക്ക് മാറ്റിവക്കേണ്ടി വന്നിരുന്നു.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഒഴിഞ്ഞതോടെ സര്‍ഫിങ്ങില്‍ തന്നോട് മല്‍സരിക്കാന്‍ ബ്രാന്സണ്, ഒബാമയെ ക്ഷണിക്കുകയായിരുന്നു. ഒബാമയും ബ്രാന്‍സണും കൈറ്റ് സര്‍ഫിങ്ങില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ബ്രാന്‍സണാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
ഇരുവരും കൈറ്റ് സര്‍ഫിങ്ങില്‍ പോരാടുകയും ഒടുവില്‍ ഒബാമ വിജയിക്കുകയും ചെയ്തുവെന്ന് ബ്രാന്സണ് തന്റെ ബ്ലോഗില്‍ കുറിച്ചു. മുന്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ ഭാര്യയും തന്റെ ദ്വീപില്‍ അതിഥികളായി എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബറാക് വളരെ ശാന്തമായി അവധി ആഘോഷിക്കുകയാണെന്ന അടികുറുപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല