സ്വന്തം ലേഖകന്‍: ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്. ആണവായുധങ്ങള്‍ ശേഖരിച്ച് ഇന്ത്യ ആണവനഗരം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഇല്ലാതാക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറഞ്ഞ സഖറിയ കേന്ദ്ര പൊതു ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് നല്കിയ നീക്കിയിരിപ്പും ചൂണ്ടിക്കാട്ടി.
ഇത്രയധികം തുക പ്രതിരോധ രംഗത്തേക്ക് ഒഴുക്കുന്നത് ആണവായുധങ്ങള്‍ ശേഖരിക്കാനാണെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ അത്യാവശ്യമാണെന്നും ഇന്ത്യയുടെ കൈവശമുള്ള ആയുധശേഖരത്തിന് മേല്‍ നിരന്തര നിരീക്ഷണം വേണമെന്നും സഖറിയ ആവശ്യപപ്പെട്ടു.
ഇന്ത്യപാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ സമാധാന ശ്രമങ്ങള്‍ ഇന്ത്യ ഇല്ലാതാക്കുകയാണ്. ഈ നിലപാട് തിരുത്തി, പാക്കിസ്ഥാന്റെ സമാധാനശ്രമങ്ങളോട് ഇന്ത്യ പൂര്‍ണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാരകമായ ആയുധങ്ങള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യ കാട്ടുന്ന അമിത ശ്രദ്ധ രാജ്യാന്തര സമൂഹം ശ്രദ്ധയോടെ വീക്ഷിക്കണം. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ഗൂഢശ്രമം പൊളിഞ്ഞിരിക്കുകയാണെന്നും നഫീസ് സഖറിയ പറഞ്ഞു.
അതേസമയം, പാക്കിസ്ഥാന്റെ ആരോപണത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് തള്ളിക്കളഞ്ഞു. ഇത് വെറും കള്ളക്കഥ മാത്രമാണെന്നും പാക്കിസ്ഥാന് തുടര്‍ന്നു പോരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനായാണ് അവരുടെ ശ്രമമെന്നും വികാസ് സ്വരൂപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല