സ്വന്തം ലേഖകന്‍: ബംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി അയച്ച് പരിഭ്രാന്തി പരത്തിയതിനു പിന്നില്‍ മലയാളി കമിതാക്കള്‍. മലയാളികളായ നേഹ ഗോപിനാഥന്, അര്ജുന് എന്നിവരെയാണ് ബംഗലുരു അന്താരാഷ്ട്ര വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍സന്ദേശം. ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂറാണ് വിമാനം വൈകിയത്.
വിമാനത്തിലെ 180 യാത്രക്കാരും നേരത്തേ എത്തിയിരുന്നെങ്കിലും ഇരുവരും വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇതിനുമുമ്പ് പലതവണ ഇരുവരും വിമാനത്താവള അധികൃതരെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. തങ്ങള്‍ക്ക് സമയത്തിന് ടാക്സി കിട്ടിയില്ലെന്നും വിമാനം വൈകുമോ എന്നറിയാനും വേണ്ടിയാണ് ഇരുവരും വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ കമിതാക്കളല്ല വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്നാണ് വിവരം. ഇവരുടെ ബന്ധുവായ ആരോ ആണ് ഫോണ്‍ സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയില്‍ നിന്നാണ് വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ സന്ദേശം വന്നത്. കമിതാക്കള്‍ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് കൊച്ചിയില്‍ നിന്നും സന്ദേശം വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞത്.
വ്യാഴാഴ്ച്ച തങ്ങളുടെ വിവാഹ നിശ്ചയമാണെന്നും വൈകുമെന്ന ഭയം ഉണ്ടായിരുന്നെന്നും കമിതാക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രാത്രി 8.45നു പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ 3.30ഓടെ മാത്രമാണ് ബംഗലൂരുവില്‍ നിന്നും പുറപ്പെട്ടത്. വിവാഹനിശ്ചയത്തിന് എത്താന്‍ കഴിയില്ലെന്ന് കണ്ട ഇരുവരും ഒരു ബന്ധുവിനെ വിളിച്ചു പറയുകയും അയാളാണ് വ്യാജ ബോംബ് പുറകിലെന്നുമാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍ ഇതിനു പിന്നിലുള്ള ആള് ആരെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതായും ബംഗലൂരു പൊലീസ് വ്യക്തമാക്കി. അറസ്റ്റിനെ തുടര്‍ന്ന് കമിതാക്കളുടെ വിവാഹ നിശ്ചയം മുടങ്ങിയതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല