സ്വന്തം ലേഖകന്‍: ഇസ്ലാമിക് വിപ്ലവത്തിന്റെ 38 മത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍, ആഘോഷ പരിപാടികള്‍ക്കിടെ ടെഹ്‌റാനില്‍ ട്രംപിനെതിരെ പതിനായിരങ്ങളുടെ പ്രകടനം. 1979 ലെ ഇസ്ലാമിക വിപ്‌ളവത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്നത് അമേരിക്കക്കും ഇസ്രായേലിനും എതിരായ മുദ്രാവാക്യങ്ങള്‍.
രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് തെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചു. അമേരിക്കയും ചില ഭരണപരിചയം തൊട്ടുതീണ്ടാത്തവരും ഇറാനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍, ഭീഷണിയുടെ സ്വരം ഇറാന്റെയടുത്ത് വിലപ്പോകില്ലെന്ന് റൂഹാനി മുന്നറിയിപ്പു നല്‍കി.
ആദ്യം ഇറാനെയും ഇറാന്‍ ജനതയെയും അവര്‍ ബഹുമാനിക്കാന്‍ പഠിക്കട്ടെ. യുദ്ധസമാനമായ നയങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക പരേഡില്‍ ഖുദ്‌സ് സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, ആണവോര്‍ജ ഏജന്‍സി മേധാവി അലി അക്ബര്‍ സാലിഹി എന്നിവര്‍ പങ്കെടുത്തു. ഇറാന്‍ നേതൃത്വത്തിനെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമരപ്രഖ്യാപന സാഹചര്യത്തിലാണ് ഓര്‍മ പുതുക്കല്‍ എന്നതും ശ്രദ്ധേയമായി.
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഇറാനെ നോട്ടമിട്ടതായി ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ ഇറാന്‍ ബിസിനസുകാര്‍ക്കും കമ്പനികള്‍ക്കും ഉപരോധവും ഏര്‍പ്പെടുത്തി. ടെഹ്‌റാനിലെ ആസാദി ചത്വരത്തിലേക്ക് നടന്ന അമേരിക്കന്‍ വിരുദ്ധ റാലിയില്‍ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. റാലിയില്‍ ജനങ്ങള്‍ക്കൊപ്പം സൈനികരും പോലീസുകാരും പങ്കെടുത്തു. ‘അമേരിക്കക്ക് മരണം’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും ‘അമേരിക്കയുടെ യഥാര്‍ത്ഥമുഖം തുറന്ന് കാണിച്ചതിന് ട്രംപിന് നന്ദി’ എന്നെഴുതിയ ബാനറുകളും ട്രംപിന്റെ കോലങ്ങളും കയ്യിലേന്തിയായിരുന്നു പ്രകടനം.
1979 ല്‍ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ യുഎസിന്റെ കളിപ്പാവയായിരുന്ന ഏകാധിപധി റിസ ഷാ പഹ്ലവിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയ സംഭവമാണ് ഇസ്ലാമിക വിപ്ലവമെന്ന് അറിയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല