സ്വന്തം ലേഖകന്‍: കരീപ്പൂര്‍ വിമാനത്താവളം റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്നു, മസ്‌കറ്റ്, ഷാര്‍ജ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകളാണ് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവര്‍ പ്രഖ്യാപിച്ചിരുക്കുന്നത്.
മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ കരിപ്പൂരില്‍ നിന്നാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും. മാര്‍ച്ച് ഒന്നു മുതല്‍ റണ്‍വേ മുഴുവന്‍ സമയവും തുറന്നുകൊടുക്കുന്നതോടെ കരിപ്പൂരില്‍നിന്നു കൂടുതല്‍ വിമാനങ്ങള്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷ.
ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്‌സും ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സര്‍വിസ് നടത്തും. ഇന്‍ഡിഗോ മാര്‍ച്ച് 20 മുതലാണ് ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ മസ്‌കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളുണ്ടാകും. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്ക് ഓരോന്നും വീതം സര്‍വിസാണുള്ളത്.
നവീകരണം പൂര്‍ത്തിയായ, കൂടുതല്‍ ബലപ്പെട്ട റണ്‍വേ കൂടുതല്‍ സൗകര്യങ്ങളോടു കൂടി മാര്‍ച്ച് ഒന്നു മുതലാണു മുഴുവന്‍ സമയവും സര്‍വീസിനായി തുറക്കുന്നത്. എങ്കിലും വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത്തവണത്തെ ഹജ് യാത്ര കരിപ്പൂര്‍ വഴിയാക്കുന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. ചെന്നൈ ആസ്ഥാനമായ എയര്‍ കാര്‍ണില്‍ കമ്പനിയുടെ 72 പേര്‍ക്കു സഞ്ചരിക്കാവുന്ന ചെറു വിമാനവും സര്‍വീസിനെത്തും.
വേനല്‍കാല സമയപ്പട്ടിക അടുത്ത മാസം പുറത്തുവരുന്നതോടെയാകും കൂടുതല്‍ വിമാനങ്ങളുടെയും പുതിയ സര്‍വീസുകളുടെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നവീകരണ ജോലികള്‍മൂലം രണ്ടു വര്‍ഷത്തോളം കോഴിക്കോട് റണ്‍വേ ഭാഗികമായി അടച്ചിരുന്നു. ഈ സാഹചര്യത്തിലാണു വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ പല വിമാന സര്‍വീസുകളും കോഴിക്കോടിനു നഷ്ടമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല