സ്വന്തം ലേഖകന്‍: കേരള മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം, പ്രവാസികള്‍ക്കായി നിക്ഷേപ ബോര്‍ഡ്, ബഹ്‌റൈനില്‍ കേരള സ്‌കൂളും എഞ്ചിനീയറിംഗ് കോളേജും. പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപംനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളി വിദ്യാര്‍ഥികള്‍ക്ക് ചെലവു കുറഞ്ഞ വിദ്യാഭ്യാസം ഉറപ്പാക്കുന്ന രീതിയില്‍ കേരള പബ്ലിക് സ്‌കൂള്‍, എന്‍ജിനീയറിങ് കോളജ് എന്നിവ ബഹ്‌റൈനില്‍ സ്ഥാപിക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കിയെന്നും പിണറായി അറിയിച്ചു. പ്രവാസികള്‍ക്ക് നിയമസഹായത്തിനായി ലീഗല്‍ എയ്ഡ് സെല്‍ സ്ഥാപിക്കും. നിയമബിരുദമുള്ളവരുടെ പാനല്‍ സര്‍ക്കാര്‍ അംഗീകരിച്ചു നിയമസഹായം ആവശ്യമുള്ളവര്‍ക്കു അവര്‍ മുഖേന സഹായം ലഭിക്കാന്‍ ക്രമീകരണമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു ബഹ്‌റൈന്‍ കിരീടാവകാശി ഉള്‍പ്പെടെയുള്ളവരുമായി സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം പിണറായി ചര്‍ച്ച നടത്തിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെ അനുമതിയോടെ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രവാസികള്‍ക്ക് ചികില്‍സയ്ക്കു വിദേശരാജ്യങ്ങളില്‍ ഭാരിച്ച ചികില്‍സാ ചെലവാണ് ഉണ്ടാകുന്നത്. കുറഞ്ഞ ചെലവില്‍ ചികില്‍സ നല്‍കാന്‍ ഓരോ സ്ഥലത്തും കേരള ക്ലിനിക് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായും പിണറായി വ്യക്തമാക്കി.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു ബഹ്‌റൈന്‍ നല്‍കുന്ന പരിഗണനകള്‍ക്കു പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ, കിരീടാവകാശി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരെ അദ്ദേഹം നന്ദിയറിയിച്ചു. തന്നെ ബഹ്‌റൈനിലേക്കു ക്ഷണിച്ചതിനുള്ള നന്ദിയും അദ്ദേഹം കിരീടാവകാശിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല