സ്വന്തം ലേഖകന്‍: പീഡനവീരന്മാരെ തലകീഴായി കെട്ടിത്തൂക്കി അടിച്ചു തൊലി പൊളിച്ച് ഉപ്പും മുളകും തേച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി പരാജയമെന്ന് വിമര്‍ശിക്കവെയാണ് ഉമാഭാരതിയുടെ പരാമര്‍ശം. താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇത്തരക്കാരെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ഉമാ ഭാരതി വെളിപ്പെടുത്തി. ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
പ്രതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മാനഭംഗത്തിന് ഇരയായ യുവതിയെ കാണിച്ചിട്ടുണ്ട്. ഇരയ്ക്ക് സമാധാനം കിട്ടാനാണ് അത്തരത്തില്‍ ചെയ്തത്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരല്ലെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. ലൈംഗിക പീഡനക്കേസിലെ പ്രതികളെ ഇരകള്‍ക്ക് മുന്നില്‍ തലകീഴായി കെട്ടിത്തൂക്കി തൊലിയുരിയുന്നതുവരെ അടിക്കണം. അവരുടെ മുറിവുകളില്‍ ഉപ്പും മുളകും തേക്കണമെന്നും ഉമാഭാരതി പറഞ്ഞു.
ഒരിക്കല്‍ ഇത്തരത്തില്‍ ശിക്ഷിക്കാന്‍ ഒരു പൊലീസ് ഓഫിസര്‍ വിസമ്മതിച്ച കാര്യവും ഉമാഭാരതി ഓര്‍മിച്ചു. ചെകുത്താനെപ്പോലെ പെരുമാറുന്നവര്‍ക്ക് മനുഷ്യാവകാശങ്ങളില്ല എന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ ശിരസ് രാവണന്റേതുപോലെ വെട്ടിക്കളയണമെന്നും താന്‍ നിര്‍ദേശിച്ചതായി ഉമാഭാരതി വ്യക്തമാക്കി.
മാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളോട് പൊട്ടിക്കരഞ്ഞു മാപ്പിരക്കുന്നതുവരെ അതിക്രൂരമായ രീതിയിലാണ് പ്രതികളെ കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിക്കു സമീപം ദേശീയപാതയിലൂടെ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയേയും മകളേയും അക്രമികള്‍ വാഹനം തടഞ്ഞ് മാനഭംഗപ്പെടുത്തിയ സംഭവത്തേക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഉമാഭാരതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഇത്ര ക്രൂരമായ തെറ്റു ചെയ്തവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഉമാഭാരതി വിമര്‍ശിച്ചു. ഉമാഭാരതിയുടെ വിവാദ പ്രസ്താവനയോട് ബിജെപി പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല