സ്വന്തം ലേഖകന്‍: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരുമിച്ചിരുന്നു എന്ന പേരില്‍ വിദ്യാര്‍ത്ഥിനിക്കും ആണ്‍ സുഹൃത്തിനും എസ്എഫ്‌ഐ മര്‍ദ്ദനം, എസ്എഫ്‌ഐയുടേത് സദാചാര ഗുണ്ടായിസമെന്ന് സമൂഹ മാധ്യമങ്ങള്‍. പെണ്‍കുട്ടികളോട് സംസാരിച്ചതിനു പുറത്തുനിന്നെത്തിയ യുവാവിനെ എസ്എഫ്‌ഐ സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി.
യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയും ജാനകിയും സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ജിജീഷുമാണ് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മര്‍ദ്ദനത്തിന് പുറമെ എസ്എഫ്‌ഐക്കാരുടെ വകയായി അസഭ്യ വര്‍ഷവുമുണ്ടായതായി ജിജീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ക്യാമ്പസില്‍ നടക്കുന്ന നാടകാവതരണം കാണാന്‍ എത്തിയ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പം യുവാവ് ഇരിക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നു ജിജീഷും സുഹൃത്തുക്കളും പറഞ്ഞു. ഒരുമിച്ചിരുന്ന തങ്ങളെ ‘നിനക്ക് പെണ്‍കുട്ടികളുടെ ഒപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ’ എന്നു ചോദിച്ചാണ് പത്തോളം പേരടങ്ങുന്ന എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതെന്നു പരാതിയില്‍ പറയുന്നു.
മര്‍ദ്ദിക്കുന്നതില്‍ എതിര്‍പ്പുമായെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന തങ്ങളിരുവരേയും അവര്‍ മര്‍ദ്ദിച്ചതായി പെണ്‍കുട്ടികളിലൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ പുറത്താക്കി ഗേറ്റ് പൂട്ടിയ ശേഷം ജിജീഷിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും മര്‍ദ്ദിച്ചുവെന്നും ജാനകി എന്ന വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
സംഭവത്തില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സെക്രട്ടറി തസ്‌ലീം, സുജിത്, രതീഷ് എന്നിവരും മറ്റു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.മര്‍ദ്ദനത്തിനിരയായ ജിജീഷിന്റെ മൊഴിപ്രകാരമാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ജിജീഷ് എന്ന യുവാവ് ആക്രമിക്കപ്പെട്ടതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് പറഞ്ഞു. ജിജീഷിനെ ആക്രമിച്ചത് ആ പെണ്‍കുട്ടിയുടെ ക്ലാസിലുള്ള ആണ്‍കുട്ടികളാണെന്നും യുവാവ് മോശമായി പെരുമാറിയതു സംബന്ധിച്ച് പെണ്‍കുട്ടി യൂണിയനില്‍ വാക്കാല്‍ പരാതിപ്പെട്ടിരുന്നെന്നും ജെയ്ക്ക് വിശദീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള സൂര്യഗായത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് എസ്എഫ്‌ഐയെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള വാദങ്ങളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല