സ്വന്തം ലേഖകന്‍: എസ്രയുടെ സസ്പെന്‍സ് പൊളിക്കരുത്, ഫേസ്ബുക്കില്‍ അഭ്യര്‍ഥനയുമായി പ്രത്വിരാജ്. പുതിയ ചിത്രമായ എസ്ര മികച്ച അഭിപ്രായവുമായി മുന്നേറുമ്പോഴാണ് പ്രിത്വിരാജ് അഭ്യര്‍ഥനയുമായി എത്തിയിരിക്കുന്നത്. ദയവു ചെയ്ത് വാട്സ് ആപ്പും ഫെയ്സ്ബുക്കും വഴി ചിത്രത്തിന്റെ കഥയും സസ്പെന്‍സും പ്രചരിപ്പിക്കരുത് എന്നാണ് ചിത്രം ഇറങ്ങി രണ്ടാം ദിവസം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പൃഥ്വിരാജ് അഭ്യര്‍ഥിച്ചിരിക്കുന്നത്.
സിനിമ കാണാനിരിക്കുന്നവരുടെ ആവേശം കെടുത്തുന്ന തരത്തില്‍ ഇങ്ങനെ കഥയും സസ്പെന്‍സും പ്രചരിപ്പിക്കുന്നതിന്റെ ചേതോവികാരം എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും പൃഥ്വിരാജ് പോസ്റ്റില്‍ പറഞ്ഞു. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,
എല്ലാവര്ക്കും നന്ദിയുണ്ട്. ഒപ്പം വിനീതമായ ഒരു അഭ്യര്‍ഥനയും. ചിലര്‍ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി എസ്രയുടെ കഥയും സസ്പെന്‍സും പ്രചരിപ്പിക്കുന്നുണ്ട്. സിനിമ കാണാനിരിക്കുന്നവരുടെ ആവേശം കെടുത്തുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചേതോവികാരം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇത് നിര്‍ത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്താല്‍, ശരിക്കും വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് മുതിര്‍ന്ന ഒരു നടന് എന്ന നിലയില്‍ ഞാന്‍ കൃതാര്ഥനാവും. എസ്രയെ കേരളത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റിയതില്‍ എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. അതിന് നല്കിയ എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ട്.
ഹൊറര്‍ ചിത്രമെന്ന ലേബലിലാണ് ഇറങ്ങിയതെങ്കിലും മലയാളത്തിലെ മികച്ച ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന വിശേഷണം സ്വന്തമാക്കി ബോക്സോഫീസില്‍ പണം വാരുകയാണ് എസ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. എബ്രഹാം എസ്ര എന്ന ആത്മാവിന്റെ കഥയാണ് എസ്ര. 1941–ല്‍ മരിച്ച എസ്രയുടെ ആത്മാവ് മനുഷ്യകുലത്തിന്റെ നാശം ലക്ഷ്യമാക്കി 21 ആം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരില്‍ കുടിയേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ എസ്ര പുറത്തിറങ്ങുന്നതിന് മുമ്പ് ചിത്രം നൂറ് തവണ കണ്ടിട്ടും തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് പ്രിത്വിരാജ് പറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴക്കും കാരണമായിട്ടുണ്ട്. പൃഥ്വിരാജ്, പ്രിയ ആനന്ദ്, സുജിത് ശങ്കര്‍, ടോവിനോ തോമസ്, വിജയരാഘവന് തുടങ്ങിയരാണ് പ്രധാന വേഷങ്ങളില്‍. പരസ്യചിത്ര സംവിധായകനായിരുന്ന ജെകെയാണ് എസ്ര സംവിധാനം ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല