സജീഷ് ടോം: യുക്മ ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു യു.കെ. മലയാളികള്‍ക്ക് കരുണയുടെ കൈത്താങ്ങുമായി ‘യുക്മ സാന്ത്വനം’
യു.കെ. മലയാളി അസ്സോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017 2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭരണ സമിതിയുടെ ആദ്യയോഗം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഘടനയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടു.
വര്‍ദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ മരണങ്ങള്‍ അസുരക്ഷിതമാക്കുന്ന യു.കെ മലയാളികളുടെ ജീവിത പശ്ചാത്തലത്തില്‍, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുവാനും, നിരാശ്രയരാകുന്ന കുടുംബത്തിന് കരുണയുടെ കൈത്താങ്ങുകളാകുവാനും യുക്മ ശക്തമായ നിലപാടുകളുമായി രംഗത്തുണ്ടാകുമെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതായിരുന്നു ദേശീയ നിര്‍വാഹക സമിതിയുടെ സുപ്രധാനമായ തീരുമാനങ്ങളില്‍ ഒന്ന്.
യു.കെ.യില്‍ മരണമടയുന്ന ഏതൊരു മലയാളിയുടെയും ഭൗതീക ശരീരം നാട്ടിലെത്തിക്കുന്നതിനോ, യു.കെ.യില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനോ ആവശ്യമായ പ്രാഥമിക ചെലവുകള്‍ വഹിക്കുവാന്‍ ഇനി മുതല്‍ യുക്മ ആയിരിക്കും നേതൃത്വം നല്‍കുക. ഇതിനായി ശരാശരി രണ്ടായിരത്തി അഞ്ഞൂറ് പൗണ്ട് വീതം ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രസ്തുത ചെലവ് യുക്മ നേരിട്ട് വഹിക്കുന്നതായിരിക്കുമെന്ന് യോഗ നടപടികള്‍ വിശദീകരിച്ചുകൊണ്ട് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
യുക്മ സാന്ത്വനം’ എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ബൃഹത്തായ പദ്ധതി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലേക്കുള്ള ആദ്യ ധന സമാഹാരം എന്നനിലയില്‍ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കിടയില്‍നിന്നും മാത്രമായി യോഗമധ്യേ രണ്ടായിരത്തിഅഞ്ഞൂറ് പൗണ്ട് സമാഹരിക്കുകയുണ്ടായി. യു.കെ. മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടവിഷയങ്ങളില്‍ ശക്തമായ നിലപാടുകളുമായി യുക്മ എന്നും മുന്നിട്ടുണ്ടാകുമെന്ന സന്ദേശം വിപ്ലവാത്മകവും, യു.കെ.പ്രവാസി മലയാളി സമൂഹത്തിന് പ്രതീക്ഷ പകരുന്നതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല