സ്വന്തം ലേഖകന്‍: ജര്‍മനിക്ക് പുതിയ പ്രസിഡന്റ്, തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ രൂക്ഷ വിമര്‍ശകനായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയന്‍മയര്‍ക്ക് ജയം. സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ സ്റ്റയന്‍മയര്‍ ഉപചാന്‍സലര്‍, വിദേശ മന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വന്‍ ഭൂരിപക്ഷത്തോടെയാണ് സ്റ്റയന്‍മയര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 1260 വോട്ടില്‍ 931 വോട്ടുകളും സ്റ്റയന്‍മയര്‍ക്ക് അനുകൂലമായിരുന്നു.
ജര്‍മനിയില്‍ പ്രസിഡന്റിന് തീരെ കുറവ് എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ മാത്രമേയുള്ളു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡൊണള്‍ഡ് ട്രംപിനെ സ്റ്റയന്‍മയര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മെര്‍ക്കല്‍ ഭരണകൂടത്തിന്റെ വിശാല മുന്നണി സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം. ഇതിനു പുറമെ ഫ്രീഡെയോക്രാറ്റുകള്‍ (എഫ്ഡിപി) പിന്തുണ ഉറപ്പിച്ചിട്ടുണ്ട്.
സ്റ്റയന്‍മയര്‍ക്ക് എതിര്‍സ്ഥാനാര്‍ത്ഥികളായി നാല് പേര്‍ മത്സരരംഗത്തുണ്ട്. എന്നാല്‍ ഒന്നാം റൗണ്ട് വോട്ടിംഗില്‍ തന്നെ സ്റ്റയന്‍മയറുടെ വിജയം സുനിശ്ചിതമായിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുഡിന്റെ അടുത്ത സുഹൃത്താണ് സ്റ്റയ്ന്‍മയര്‍. തുടക്കത്തില്‍ ചാന്‍സലര്‍ മെര്‍ക്കല്‍ സ്റ്റയ്ന്‍മയറെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും ഒടുവില്‍ അവര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്റ്റയന്‍മയറെ അംഗീകരിക്കുകയായിരുന്നു.
16 സംസ്ഥാനങ്ങള്‍ അടങ്ങുന്നതാണ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനി. പാര്‍ലമെന്റിന്റെ ഫെഡറല്‍ അസംബ്ലിയില്‍ ഉപരിസഭയും (ബുണ്ടസ്‌റാറ്റ്) അധോസഭയും (ബുണ്ടസ്ടാഗ്) സംയുക്തമായി ഭരണഘടനയുടെ 54ാം വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അഞ്ചുവര്‍ഷമാണ് കാലാവധി.ജര്‍മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി മാര്‍ച്ച് 19 ന് സ്‌റ്റൈന്‍മയര്‍ അധികാരമേല്‍ക്കും. സെപ്റ്റംബര്‍ 24 ന് ജര്‍മനിയിലെ പൊതുതിരഞ്ഞെടുപ്പിനുശേഷം നിലവിലെ വിശാല മുന്നണി ഭരണം നിലനിര്‍ത്താനാണ് മെര്‍ക്കല്‍ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല