സ്വന്തം ലേഖകന്‍: ചട്ടവാറടിയേറ്റു വീഴുന്ന യുവതിയും ആര്‍പ്പു വിളിക്കുന്ന ജനക്കൂട്ടവും, ഇന്തോനേഷ്യയില്‍ നിന്നുള്ള അടുത്ത സ്ത്രീ വിരുദ്ധ വീഡിയോ വൈറലാകുന്നു. കര്‍ശനമായ സദാചാര നിയമങ്ങളും ശിക്ഷാ രീതികളും കൊണ്ട് കുപ്രസിദ്ധമായ ഇന്തോനേഷ്യയില്‍ നിന്ന് അവിഹിത ബന്ധം ആരോപിക്കപ്പെട്ട യുവതിക്ക് 26 തവണ ചാട്ടവാറടി ഏല്‍ക്കുന്നത് കഴിഞ്ഞ ദിവസങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അതിനു പിന്നാലെ ചാട്ടവാറുകൊണ്ട് അടിയേറ്റ് ബോധമറ്റ് വീഴുന്ന യുവതിയുടേയും സംഭവം കണ്ട് ആര്‍പ്പുവിളികളുമായി നില്ക്കുന്ന ജനങ്ങളുടേയും വീഡിയോയും പുറത്തുവന്നിരിക്കുകയാണ്.
ചാട്ടവാര്‍ കൊണ്ട് ഒരു സ്ത്രീയെ പരസ്യമായി അടിക്കുന്നതിന്റെയും അത് കണ്ട് ആഹ്ലാദിക്കുന്ന ജനക്കൂട്ടത്തിന്റെയും ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. പൊക്കിക്കെട്ടിയ സ്റ്റേജില്‍ വെള്ളവസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയെ മുഖം മറച്ചിരിക്കുന്ന ഒരു പുരുഷന് ചാട്ടവാര്‍ കൊണ്ട് മര്‍ദിക്കുന്ന ചിത്രമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
മുട്ടുകുട്ടി നിര്‍ത്തിയാണ് സ്ത്രീയെ ചാട്ടവാര്‍ കൊണ്ട് അടിക്കുന്നത്. കുറ്റവാളിയാണെന്ന് വിധിയെഴുതിയ സ്ത്രീയുടെ മുഖവും പിങ്ക് തുണിക്കഷണം കൊണ്ട് മറച്ചിട്ടുണ്ട്.
സ്ത്രീയെ ശിക്ഷിക്കുന്നതു കാണാന്‍ നിരവധിയാളുകളാണ് സ്റ്റേജിനു താഴെ കൂട്ടം കൂടി നില്‍ക്കുന്നത്. ശരിയത് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീയെ ചാട്ടവാര്‍ കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടുകയാണ് ജനക്കൂട്ടം.
യുവതി ഓരോ അടിയും ഏറ്റുവാങ്ങുമ്പോഴും കാണികളായി എത്തിയവര്‍ ആര്‍പ്പുവിളിക്കുകയാണ്. ഏറെ നേരം അടികൊണ്ട ശേഷം ഒടുവില്‍ യുവതി സ്റ്റേജിലേക്ക് ബോധംകെട്ട് വീഴുന്നു. പാരാമെഡിക്കല്‍ വേഷത്തില്‍ നിന്നിരുന്ന പുരുഷന്മാരാണ് യുവതിയെ എടുത്തുകൊണ്ടുപോയത്.
2015 ഡിസംബറില്‍ എടുത്തതെന്നു കരുതുന്ന ഈ വീഡിയെ പുറത്തുവിട്ടിരിക്കുന്നത് പത്രപ്രവര്‍ത്തകനായ തരെക് ഫത്താ ആണ്. ഇന്ത്യോനേഷ്യയിലെ അസെക് പ്രവിശ്യയില്‍ ഇപ്പോഴും ശരിയത്ത് നിയമമാണ് ശക്തമായി പിന്തുടരുന്നത്. അതേസമയം സ്ത്രീ ചെയ്ത കുറ്റം എന്താണെന്ന് വീഡിയോയില്‍ വെളിപ്പെടുത്തുന്നില്ല. അസെക് പ്രവിശ്യയിലെ ഒരു മോസ്കിനു മുന്നിലാണ് സ്റ്റേജ് കെട്ടി സ്ത്രീയെ പരസ്യമായി ശിക്ഷിക്കുന്നതെന്ന് വ്യക്തമാണ്.
ഇത് സൗദി അറേബ്യയോ ഇറാനോ അല്ല. ശരിയത് നിയമം നടപ്പാക്കുന്ന ഇന്തോനേഷ്യയിലെ അസെക് പ്രവിശ്യയാണ്. ചാട്ടവാറടി പബ്ലിക് എന്റര്‍ടൈന്‍മെന്റ് ആയിക്കാണുന്നയിടം; എന്ന അടിക്കുറിപ്പോടെയാണ് തരെക് ഫത്താ വീഡിയോ പുറത്തു വിട്ടത്. കര്‍ശന നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്തോനേഷ്യയില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് രാത്രി 11 മണിക്ക് ശേഷം ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല