സ്വന്തം ലേഖകന്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച പ്രമേയം ജനഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചത്. 51 ശതമാനം പേരും സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
നിലവിലെ സംവിധാനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച കുടിയേറ്റക്കാരുടെ പിന്മുറക്കാര്ക്ക് സ്വിസ് പൗരത്വം ലഭിക്കണമെങ്കില്‍ കാലതാമസമുണ്ട്. ചെലവും കൂടുതലാണ്. ഇത് ഒഴിവാക്കാനാണ് പുതിയ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്. വലതു പാര്‍ട്ടികള്‍ പ്രമേയത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
കുടിയേറ്റക്കാരില്‍ കൂടുതല്‍പേരും മുസ്ലിംകളാണ്. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. നേരത്തെ രാജ്യത്തെ മുസ്ലിം പ്രവാസികളുടെ മൂന്നാം തലമുറക്ക് പൗരത്വം, പാസ്പോര്‍ട്ട് എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
മുസ്ലിംകള്ക്ക് അത്തരം ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്ന് തീവ്ര വലതുപക്ഷ കക്ഷികള്‍ ദേശവ്യാപകമായി പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
തുടര്‍ന്നാണ് നിയമം നടപ്പാക്കുന്നതിന് ജനങ്ങളുടെ അംഗീകാരം ലഭിക്കാന്‍ ഞായറാഴ്ച ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ഹിതപരിശോധനയില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തീവ്ര വലത് ദേശീയ പാര്‍ട്ടികളായ പീപ്ള്‍സ് പാര്‍ട്ടിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ സ്വിസ് ജനാധിപത്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയതായും ഹിതപരിശോധനാ ഫലം അവര്‍ക്കുള്ള മറുപടിയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ മുസ്ലിംകള്ക്ക് പൗരത്വം ലഭിക്കുന്നതോടെ പരമ്പരാഗത സ്വിസ് മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭവിക്കുമെന്നാണ് വലതുപക്ഷ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല