സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി. വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ വിലക്കിയ പാക് ഹൈക്കോടതി വാലന്റൈന്‍ ആഘോഷങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും നിരോധിച്ചു.
ഇസ്ലാമിക പാരമ്പര്യങ്ങള്‍ അനുശാസിക്കുന്നതല്ല വാലന്റൈന്‍ ദിനം. അതുകൊണ്ടുതന്നെ ഇത്തരം ആഘോഷങ്ങള്‍ രാജ്യത്ത് അനുവദിക്കാനാകില്ല, കോടതി വിധിയില്‍ വ്യക്തമാക്കി. രാജ്യത്തെ ഇലക്ട്രോണിക്പ്രിന്റ് മാധ്യമങ്ങള്‍ വാലന്റൈന്‍ പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കോടതി ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശം നല്കി.
രാജ്യത്ത് വാലന്റൈന്‍ ദിനം ആഘോഷിക്കരുതെന്ന് പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന് കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരുന്നു. വാലന്‍ന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പാക് കോടതി രാജ്യത്തുടനീളം നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ വര്‍ഷം കമിതാക്കള്‍ കഷ്ടത്തിലാകും.
വാലന്ൈറന് ഡേ അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ വഹീദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണോ ഇയാളെന്ന് വ്യക്തമല്ല. വാലന്റൈന്‍സ് ഡേ മുസ്ലിം പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും സോഷ്യല്‍ മീഡിയയിലും ഇത് നിരോധിക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം.
മാധ്യമങ്ങള്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് പാകിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉറപ്പുവരുത്തും. വാലന്റൈന്‍സ് ദിനാഘോഷം പാകിസ്താനില്‍ എല്ലാ വര്‍ഷവും പ്രശ്നമാകാറുണ്ട്. എന്നാല്‍, ആദ്യമായാണ് ഇതിന് നിരോധനം വരുന്നത്. രാജ്യത്തിന്റെ സംസ്കാരവുമായി ബന്ധമില്ലാത്ത വാലന്റൈന്‍ ദിനം ആഘോഷിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് മംനൂന്‍ ഹുസൈന് പരസ്യമായിത്തന്നെ ആഹ്വാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല