1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: റിലീസ് ചെയ്യാന്‍ സിനിമകള്‍ നല്‍കുന്നില്ല, സിനിമാ സമര നായകന്‍ ലിബര്‍ട്ടി ബഷീര്‍ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു. പുതിയ റിലീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സിനിമാ സമരത്തിന്റെ മുന്‍നിരക്കാരനായിരുന്ന നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയിലെ തന്റെ തിയറ്റര്‍ കോംപ്ലക്‌സ് ഇടിച്ചു നിരത്തി ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പുതിയ സംഘടനയിലേയ്ക്ക് ചേര്‍ന്നാല്‍ മാത്രമേ സിനിമാ റിലീസുകള്‍ നല്‍കൂ എന്ന നിലപാടിലാണ് പുതിയ സംഘടനയിലെ നേതാക്കള്‍. പുതിയ സംഘടനയിലുള്ളവര്‍ തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. തീയേറ്റര്‍ സമരത്തെ തുടര്‍ന്ന് ദിലീപിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപപ്പെടുകയും ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള ലിബര്‍ട്ടി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മലയാളം സിനിമകള്‍ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് തീയേറ്ററുകള്‍ അടച്ചു പൂട്ടി സിനിമാരംഗം വിടാന്‍ ലിബര്‍ട്ടി ബഷീര്‍ തീരുമാനിച്ചത്.

തീയേറ്ററുകള്‍ അടയ്ക്കാതെ വേറെ നിവൃത്തിയില്ല. എന്റെ തീയേറ്ററുകളിലേക്ക് മലയാള സിനിമകള്‍ ഒന്നും തരുന്നില്ല. അന്‍പതോളം ജീവനക്കാര്‍ ഇവിടെയുണ്ട്. ആളില്ലാതെ തീയേറ്റര്‍ തുറന്ന് വച്ചിട്ട് കാര്യമില്ല. അന്യഭാഷ ചിത്രം പോലും തന്റെ തീയേറ്ററുകളില്‍ കളിക്കരുതെന്ന് വാശിയോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഗ്രേഡ് ചിത്രം പോലും തരില്ലെന്നാണ് അവരുടെ നിലപാട്. ആരുടേയും കാല് പിടിച്ച് സിനിമ പിടിക്കാന്‍ താനുദേശിക്കുന്നില്ല തീയേറ്ററുകള്‍ പൂട്ടാനുള്ള തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല കേരളത്തിലെ 350ഓളം തീയേറ്റര്‍ ഉടമകള്‍ക്ക് വേണ്ടിയാണ് താന്‍ സമരത്തിന് ഇറങ്ങിയത്. എന്നാല്‍ ദീലിപ് എന്ന താരം വന്നതോടെ കൂടെ നിന്നവരെല്ലാം അയാള്‍ക്ക് പിറകേ പോയി. എന്റെ തീയേറ്ററുകള്‍ അടച്ചു പൂട്ടാന്‍ ദിലീപിനായി. എന്നാല്‍ എന്നെ തകര്‍ക്കാന്‍ ആവില്ല. ദൈവം സഹായിച്ച് തീയേറ്ററുകള്‍ ഇല്ലെങ്കിലും ജീവിക്കാനുള്ളത് എനിക്കുണ്ട്, ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരത്തെ തുടര്‍ന്ന് ഒരു മാസത്തോളം വൈകിയ ക്രിസ്തുമസ് റിലീസുകള്‍ പിന്നീട് മറ്റ് തിയറ്ററുകളിലെല്ലാം റിലീസിനെത്തിയെങ്കിലും ഇതില്‍ ഒരു ചിത്രത്തിനു പോലും ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ റിലീസ് അനുവദിച്ചിരുന്നില്ല. സമരത്തെ തുടര്‍ന്ന് റിലീസ് വൈകിയ ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി എന്നീ സിനിമകള്‍ ഇപ്പോള്‍ മറ്റ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് സിനിമകളും ‘സി ക്ലാസ്’ സിനിമകളുമാണ് തലശ്ശേരിയിലെ ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ 50 ജോലിക്കാരുണ്ടെന്നും തിയറ്റര്‍ പൂട്ടിക്കഴിഞ്ഞാല്‍ ഇവരുടെ കുടുംബം പട്ടിണിയിലാകുമെന്നും അതുകൊണ്ടാണ് ഇത്തരം സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതനായതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. നേരത്തെ നിര്‍മ്മാണ രംഗത്ത് സജീവമായിരുന്ന ലിബര്‍ട്ടി ബഷീര്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ചിത്രങ്ങളൊന്നും നിര്‍മ്മിക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.