സ്വന്തം ലേഖകന്‍: സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് എയര്‍ ഇന്ത്യ വീല്‍ച്ചെയര്‍ തടഞ്ഞുവച്ചു, ഭിന്നശേഷിക്കാരനായ പ്രവാസി യുവാവ് ന്യുയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഐ.ഐ.ടിയില്‍ നിന്ന് ഉന്നത മാര്‍ക്കോടെ ബിരുദ്ദം നേടിയ പ്രത്യുഷ് നാലം എന്ന യുവാവാണ് എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥത മൂലം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന പ്രത്യുഷ് മോട്ടോര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ന്യൂയോര്‍ക്കിലേക്ക് പോയ പ്രത്യുഷ് അവിടെ എത്തിയപ്പോഴും വീല്‍ ചെയര്‍ ഇന്ത്യയില്‍ നിന്ന് എത്തിയിട്ടില്ലായിരുന്നു. ചെന്നൈയില്‍ നിന്ന് ഡല്‍ഹി വഴി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ എത്തിയ പ്രത്യുഷ് തന്റെ വീല്‍ചെയര്‍ അന്വേഷിച്ചപ്പോള്‍ അത് ഡല്ഹിയില്ത്തന്നെയാണെന്ന മറുപടിയാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയത്.
മോട്ടോര്‍ വീല്‍ചെയറില്‍ ബാറ്ററി ഉള്ളതിനാലാണ് അത് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനത്തില്‍ കയറ്റി അയക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഈ വിവരം പ്രത്യുഷിനെ അറിയിക്കാതിരുന്നത് യുവാവിനെ പ്രതിസന്ധിയിലാക്കി. മൈക്രോ സോഫ്റ്റിന്റെ സീറ്റില്‍ ക്യാംപസില്‍ ജോലിക്ക് കയറുന്നതിനായി അമേരിക്കയില്‍ എത്തിയ പ്രത്യുഷിന് തന്റെ വീല്‍ച്ചെയര്‍ ലഭിക്കാതെ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.
തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രത്യുഷ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ അധികൃതര്‍ പ്രത്യുഷിന്റെ വീല്‍ ചെയര്‍ തടഞ്ഞു വച്ചത്. അതേമസയം സ്ഥിരം യാത്രക്കാരനെന്ന നിലയില്‍ വിമാനങ്ങളില്‍ അനുവദനീയമായ വീല്‍ച്ചെയര്‍ തനിക്കറിയാമെന്നും അതാണ് താന്‍ ഉപയോഗിക്കുന്നതെന്നും പ്രത്യുഷ് വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല