സ്വന്തം ലേഖകന്‍: അയല്‍വാസികളുമായി തര്‍ക്കം, നടന് ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായി ഉണ്ടായ തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. ഏറെ നാളായി ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ നീക്കത്തിനെതിരെയാണ് സമീപവാസികള്‍ സംഘടിച്ചത്. തര്‍ക്കം നടക്കുന്നതിടെ ഒരാള്‍ ബാബുരാജിനെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചിലാണ് ബാബുരാജിനു വെട്ടേറ്റത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കി. അതിനുശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നെഞ്ചിന്റെ ഇടതു ഭാഗത്താണ് വെട്ടേറ്റത്. ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ബാബുരാജ് 1994 ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യ എന്ന സിനിമയിലൂടെയാണ് സിനിമയില്‍ എത്തുന്നത്. വില്ലനും സഹനടനും ഹാസ്യ നടനുമായി ബാബുരാജ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സോള്‍ട്ട് ആന്റ് പേപ്പറിലെ കുക്ക് ബാബു എന്ന വേഷം ബാബുരാജിനെ ജനപ്രിയ നടനാക്കി.
2016ല്‍ പുറത്തിറങ്ങിയ വണ്ടര്‍ ഫുള്‍ ജേര്‍ണി എന്ന ചിത്രത്തിലാണ് ബാബുരാജ് ഒടുവില്‍ അഭിനയിച്ചത്. നടി വാണി വിശ്വനാഥാണ് ഭാര്യ. 2002 ലായിരുന്നു ഇരുവരുടെയും വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല