സ്വന്തം ലേഖകന്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കേരളം ആസ്ഥാനമായുള്ള എസ് ബി ടി ഉള്‍പ്പടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി മന്ത്രിസഭായോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക ഓഫ് ഹൈദരാബാദ്, സ്റ്റേ്റ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുക.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത പ്രതിഷേധം അവഗണിച്ചാണ് ബാങ്ക് ലയനം. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യമാണ് ഈ ലയനത്തിലൂടെ മുന്നില്‍ കണ്ടിരിക്കുന്നത്. ഇതോടെ ഏഷ്യയിലെ തന്നെ വലിയ ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാറുകയും ചെയ്യും.
ലയന നടപടികള്‍ക്കായി 1959ലെ എസ്ബിഐ (അനുബന്ധബാങ്ക്) നിയമവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് നിയമവും ഭേദഗതി ചെയ്യാന്‍ ബില്‍ കൊണ്ടുവരും. ലയന നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന്, ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് ശുപാര്‍ശ കൈമാറി. അനുകൂലപ്രതികരണം ലഭിച്ചതോടെയാണ് മന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. ലയനതീയതി പിന്നീട് പ്രഖ്യാപിക്കും. അതുവരെ ബാങ്കുകള്‍ പഴയപോലെ പ്രവര്‍ത്തിക്കും.
അതേസമയം, അനുബന്ധ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി പറഞ്ഞു. സുഗമമായ കരാര്വ്യവസ്ഥകളോടെയായിരിക്കും ലയനം. ഇതില്‍ ആശങ്കയുടെ കാര്യമില്ല. ഭാരതീയ മഹിളാബാങ്കിനെ കൂടി എസ്ബിഐയില്‍ ലയിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല അദ്ദേഹം പറഞ്ഞു.
അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം 2017 മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍, നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനം വൈകി. ലയനത്തിന് തയ്യാറെടുപ്പ് പൂര്‍ത്തിയായെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. സെപ്തംബറോടെ ലയന നടപടി പൂര്‍ത്തിയാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല